X

വിവാഹം മുടക്കല്‍ പതിവായി; അയല്‍ക്കാരന്റെ പലചരക്കു കട ജെസിബി കൊണ്ട് ഇടിച്ചുനിരത്തി യുവാവ്

ചെറുപുഴ: പലചരക്ക് കട യുവാവ് സ്വന്തം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തി. ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിനടുത്ത് ഊമലയില്‍ തിങ്കളാഴ്ച രാവിലെ പത്തിനാണ് സംഭവം. ഊമലയില്‍ കച്ചവടംനടത്തുന്ന കൂമ്പന്‍കുന്നിലെ പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് സ്തുതിക്കാട്ട് ആല്‍ബിന്‍ മാത്യു (31) ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.

ഇരുവരും അയല്‍ക്കാരാണ്. തന്റെ വിവാഹം മുടക്കിയതിനാലാണ് കട തകര്‍ത്തതെന്ന് ആല്‍ബിന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാല്‍, ഇതില്‍ കഴമ്പില്ലെന്ന് സോജിയും സംഭവസ്ഥലത്ത് എത്തിയവരും പറയുന്നു.ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെറിയ ടൗണായതിനാല്‍ ഈ കട രാവിലെയും വൈകുന്നേരവും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. സോജി കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. ചെറുപുഴ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.പി.വിനീഷ്‌കുമാര്‍, എസ്.ഐ. എം.പി.വിജയകുമാര്‍, എ.എസ്.ഐ. ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റഷീദ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആല്‍ബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

 

web desk 3: