X
    Categories: keralaNews

വഖഫ് ബോര്‍ഡിനെ തകര്‍ക്കാന്‍ സി.പി.എം നടപ്പാക്കിയത് ഗൂഢ പദ്ധതി

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ചും സവര്‍ണ സംവരണം നടപ്പാക്കിയും സി.പി. എം വഖഫ് ബോര്‍ഡിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയത് ഗൂഢ പദ്ധതി. വഖഫ് ബോര്‍ഡിലും ദേവസ്വത്തിലും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടി ഏതാനും വര്‍ഷങ്ങളായി ഇതിനുള്ള കരുക്കള്‍ നീക്കുകയായിരുന്നു. എന്നാല്‍, ദേവസ്വം ബോര്‍ഡില്‍ ഹൈന്ദവര്‍ക്ക് മാത്രം നിയമനം ഉറപ്പാക്കി പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ രാജ്യത്താദ്യമായി വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന് നിയമനം പി.എസ്.സിക്ക് വിടുകയായിരുന്നു.

സര്‍ക്കാറിന് നേരിട്ടിടപെട്ട് അട്ടിമറിക്ക് കഴിയില്ലെന്നിരിക്കെ വഖഫ് ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് നിയമനങ്ങള്‍ പി.എസ്.സി വിട്ടതെന്നാണ് തുടക്കം മുതല്‍ എല്‍.ഡി.എഫ് പ്രചരിപ്പിച്ചത്. 2018 ജനുവരി 31ന് നിയമസഭയില്‍ വി.പി സജീന്ദ്രന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മന്ത്രി കെ.ടി ജലീലിന്റെ മറുപടിയും വഖഫ് ബോര്‍ഡ് ആവശ്യപ്രകാരം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നുവെന്നായിരുന്നു. അന്നത്തെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ തന്നെ ഇതിനെതിരെ രംഗത്തു വന്നിരുന്നു. 2018 മാര്‍ച്ച് ഏഴിന് ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗത്തിലെ തീരുമാനമായി പിന്നീട് തെറ്റിദ്ധരിപ്പിക്കാനും ശ്രമമുണ്ടായി. വഖഫ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് തുടങ്ങിയവയിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ഈ കുടിച്ചേരലില്‍ പറഞ്ഞതല്ലാതെ, ആരും അക്കാര്യത്തില്‍ പ്രതികരിക്കുകയോ അന്നത്തെ ചെയര്‍മാനോ മറ്റാരെങ്കിലുമോ ഈ വിഷയം സ്വാഗതം ചെയ്യുകയോ ചെയ്തിരുന്നില്ല.

ബോര്‍ഡില്‍ നിയമനം നടത്തുന്ന വിഷയം ഈ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിലേക്ക് മറുപടി അയക്കാന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോട് നിര്‍ദ്ദേശിച്ചു എന്നാണ് രേഖപ്പെട്ടു കിടക്കുന്നത്.രണ്ടാം പിണറായി ഭരണം വന്ന ശേഷം ടി.കെ ഹംസ ചെയര്‍മാനായപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്രകാരമാണ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ഭേദഗതി റെഗുലേഷനില്‍ വരുത്താന്‍ തീരുമാനിച്ചത്.

 

Chandrika Web: