X

സി.പി.എം രാഹുല്‍ ഗാന്ധിക്ക് ശക്തി പകരണം: പി.കെ കുഞ്ഞാലിക്കുട്ടി

സി.പി.എം രാഹുല്‍ഗാന്ധിക്ക് ശക്തി പകരണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ചയില്‍ മതേതര ചേരികളെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചയായെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിക്കെതിരെ പോരാട്ടം നയിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. കോണ്‍ഗ്രസിന് പിന്നില്‍ ഇടത് പക്ഷമടക്കം  അണി നിരക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പെരിന്തല്‍മണ്ണയിലെ ബാനര്‍ വിഷയത്തിലും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇടക്കിടെ ബിജെപി വിരുദ്ധ രാഷ്ട്രീയം പറയുന്ന സിപിഐഎം രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ വലിയ ജനകീയ മുന്നേറ്റമാണ് ഈ യാത്രയിലുടനീളം ദര്‍ശിക്കാനാവുന്നത്. അത്രയധികം ആവേശത്തിലും, വൈകാരികമായും ജനങ്ങള്‍ ഈ യാത്രയെ ഏറ്റെടുത്തിരിക്കുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള വലിയൊരു ജനകീയ താക്കീതായി രാഹുല്‍ ഗാന്ധിയുടെ ഈ യാത്ര മാറിയിരിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തികൊണ്ടുള്ള ഒരു പ്രതിപക്ഷ ഐക്യത്തിനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നിതീഷ്‌കുമാറും, ലാലു പ്രസാദ് യാദവും, ആ വിഷയത്തില്‍ സോണിയ ഗാന്ധിയുമായി ഏറ്റവും അവസാനം നടത്തിയ കൂടിക്കാഴ്ചയുമൊക്കെ വലിയ പ്രതീക്ഷയാണ് മതേതര ഇന്ത്യക്ക് നല്‍കുന്നത്. ബി.ജെ.പി ക്കെതിരെയുള്ള ഒരു വലിയ മതേതര മുന്നേറ്റം സാധ്യമാകുന്നതിന്റെ സാഹചര്യങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങളൊക്കെ ഇന്നത്തെ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മതേതര ഇന്ത്യക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

web desk 3: