X
    Categories: Views

വയല്‍കിളികളെ കുടി ഒഴിപ്പിക്കുമ്പോള്‍

ലെജു കല്ലൂപ്പാറ

വികസനത്തിന്റെ പേരില്‍ കുടിയൊഴിയേണ്ടി വരുന്ന കീഴാറ്റൂരിലെ പാവങ്ങളുടെ പോരാട്ടത്തെ കായികമായി നേരിടുന്ന സി.പി.എം , അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുന്നില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ മാത്രം വോട്ട് ചെയ്യുകയും പാര്‍ട്ടിക്കാര്‍ പറയുന്നതിനപ്പുറം ചിന്തിക്കാന്‍ പോലും ശീലിച്ചിട്ടില്ലാത്തവരുടെ കിടപ്പാടം ഇല്ലാതാകുന്നു എന്ന ആശങ്ക അകറ്റാന്‍ ബാധ്യതയുള്ള പ്രസ്ഥാനമാണ് ശത്രുവിനെ നേരിടുന്നതുപോലെ സഖാക്കള്‍ക്കുനേരെ തിരിയുന്നത്. 34 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ബംഗാളില്‍ പാര്‍ട്ടി പതനത്തിന്റെ പടുകുഴിയിലേക്ക് പതിച്ചതിനു പ്രധാനകാരണം ഇത്തരം പ്രവര്‍ത്തനങ്ങളായിരുന്നു.

പശ്ചിമബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലും ബലം പ്രയോഗിച്ച് ഭൂമിയേറ്റെടുക്കാന്‍ ഭരണകൂടം ശ്രമിക്കുകയും അതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ നേരിടാന്‍ പാര്‍ട്ടി സഖാക്കള്‍ രംഗത്തിറങ്ങുകയും ചെയ്തതിന്റെ പരിണിത ഫലമാണ് പാര്‍ട്ടി ഇപ്പോള്‍ അനുഭവിക്കുന്നത്. കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച് വ്യവസായ സംരഭത്തിന് മുന്നോട്ടുവന്ന ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പായിരുന്നു. സലിം ഗ്രൂപ്പിന് കെമിക്കല്‍ ഹബ്ബ് തുടങ്ങാന്‍ 10000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആംഭിച്ചപ്പോള്‍ തന്നെ കുടി ഒഴിപ്പിക്കപ്പെടുന്നവര്‍ എതിര്‍പ്പുമായി രംഗത്തു വന്നു. ഇതേതുടര്‍ന്ന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയും ജനങ്ങളുടെ അംഗീകാരത്തിന് വിധേയമായി മാത്രമെ ഇനി തീരുമാനങ്ങള്‍ ഉണ്ടാകുവെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭരണകൂടം പിന്നീട് വാക്കുമാറ്റി. സ്ഥലം സലിം ഗ്രൂപ്പിന് ഏറ്റെടുത്തുകൊടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങി. ഇവരെ ചെറുക്കാന്‍ മറ്റ് പാര്‍ട്ടികളും ഗ്രൂപ്പുകളും സമരക്കാര്‍ക്കൊപ്പമെത്തി.അവിടെ പൊലീസ് ഇടപെടല്‍ അനിവാര്യമായി. പൊലീസിനെ നേരിടാന്‍ നാടന്‍ ബോംബുകളും തോക്കുകളുമായി ജനക്കൂട്ടം ഇറങ്ങി. പൊലീസ് വെടിവെയ്പ്പില്‍ 14 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതിലും വളരെ കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുണ്ടാകണം.

ടാറ്റാ ഗ്രൂപ്പിന് ഒരുലക്ഷം രൂപയുടെ നാനോകാര്‍ നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിക്കായി 997 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ചെറുത്തുനില്‍പ്പായിരുന്നു സിംഗൂരില്‍ . തങ്ങള്‍ വിശ്വസിച്ച പ്രസ്ഥാനം തങ്ങളെ കബളിപ്പിക്കുകയായിരുന്നു വെന്ന് മനസിലാക്കിയതോടെ ജനങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ തിരിഞ്ഞു. ഈസാഹചര്യത്തില്‍ സഹായവുമായെത്തിയവരെകുറിച്ചോ അവരുടെ രാഷ്ട്രീയ നിലപാടുകളെപറ്റിയോ ബംഗാളിലെ പാവപ്പെട്ട ജനത ചിന്തിച്ചില്ല. പാര്‍ട്ടിയെയും നേതാക്കളെയും തങ്ങളുടെ അന്തകരായി കരുതി അവരെ തെരുവില്‍ നേരിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ അതിനെ ചെറുക്കാന്‍ ഭരണകൂടത്തിന്റെ സംവിധാനത്തിനോ പാര്‍ട്ടിയുടെ സംഘടനാബലത്തിനോ ആയില്ല. പാര്‍ട്ടി നേതാക്കള്‍ക്ക് പ്രക്ഷോഭം മേഖലയുടെ പരിസരത്തുപോലും എത്തിനോക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം തുടങ്ങിയ 2008-മുതല്‍ ബംഗാളില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചു തുടങ്ങി.

അതിന്റെ തോത് വര്‍ദ്ധിച്ചുവരുന്നതായാണ് പിന്നീട് കണ്ടത്. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ 42ല്‍ രണ്ട് സീറ്റുമാത്രമാണ് സി.പി.എമ്മിന് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടുപോലും സി.പി.എം മൂന്നാംസ്ഥാനത്തായി. പലമണ്ഡലങ്ങളിലും മത്സരിക്കാന്‍ പോലും പാര്‍ട്ടിക്ക് ആളെ കിട്ടാനില്ല. പ്പോള്‍ സംസ്ഥാനത്ത് പാര്‍ട്ടി നാലാംസ്ഥാനത്താണെന്നാണ് വിലയിരുത്തല്‍.
കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള പ്രക്ഷോഭവും അതിനോട് സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിക്കുന്ന സമീപനവും സിംഗൂരിലും നന്ദിഗ്രാമിലും ഭൂമിയേറ്റെടുക്കുന്നതിനെതിരെ ഉണ്ടായ പ്രക്ഷോഭങ്ങളോട് ബംഗാള്‍ സര്‍ക്കാരും അവിടുത്തെ പാര്‍ട്ടിയും സ്വീകരിച്ചതിന് സമാനമാണ്.

റോഡും വ്യവസായവുമെല്ലാം വികസിക്കണമെന്നകാര്യത്തില്‍ ആര്‍ക്കും അഭിപ്രായഭിന്നത ഉണ്ടാകില്ല. എന്നാല്‍ ഇതേക്കുറിച്ച് സാധാരണജനങ്ങളെ ബോധ്യമാക്കാന്‍ ഭരണകൂടത്തിനാകണം. അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളിലെ വസ്തുതയും ആശങ്കയുടെ ആഴവും മനസിലാക്കിയുള്ള സമീപനം സ്വീകരിക്കാന്‍ കഴിയണം.അതിനുപകരം ഒരുവശത്ത് ചര്‍ച്ചനടത്തി അവരെ പറഞ്ഞ് പറ്റിക്കുകയും മറുവശത്ത് പേശിബലത്തിലൂടെ കീഴ്‌പ്പെടുത്തുകയുമാണെന്ന തോന്നല്‍ ഉണ്ടാകാന്‍ പാടില്ല.കീഴാറ്റൂര്‍ ഒരു പാര്‍ട്ടി ഗ്രാമമാണ്.

പാര്‍ട്ടി ലൈനില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും പാര്‍ട്ടിനേതാക്കള്‍ പറയുന്നത് അനുസരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം. തങ്ങളുടെ വയല്‍നികത്തി റോഡ് നിര്‍മ്മിച്ചാല്‍ കുടിഒഴിപ്പിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്ന ഇവര്‍ ഈ റോഡ് നിര്‍മ്മാണത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് വിശ്വസിക്കുന്നു. ആദ്യം സ്ഥലമേറ്റെടുത്ത വിജ്ഞാപനം അട്ടിമറിച്ച് സ്വകാര്യ വ്യക്തികളുടെ താല്‍പര്യത്തിന് സര്‍ക്കാര്‍ വഴങ്ങിയത്രെ. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെയും ഭരണകൂടത്തെയും അവര്‍ ധരിപ്പിച്ചെങ്കിലും ചെവികൊടുക്കാന്‍ പാര്‍ട്ടിയോ സര്‍ക്കാരോ തയ്യാറായില്ല. തങ്ങള്‍ ഒറ്റപ്പെടുന്നു എന്നു ബോധ്യമായപ്പോഴാണ് കീഴാറ്റൂരില്‍ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ വയലിന് നടവുവില്‍ സമര പന്തല്‍ നിര്‍മ്മിച്ച് ‘വയല്‍ കിളികള്‍’ എന്നപേരില്‍ കൂട്ടായ്മ രൂപീകരിച്ച് വയല്‍ കാവല്‍ സമരം ആരംഭിച്ചത്. വയല്‍കിളി കര്‍ഷക കൂട്ടായ്മസമരം പെട്ടന്ന് ശക്തമായി. കഴിഞ്ഞ സെപ്തംബറില്‍ 20 ദിവസം നിരാഹാര സമരം നടത്തിയതോടെ സംസ്ഥാന ശ്രദ്ധപിടിച്ചുപറ്റി.

തുടര്‍ന്ന് പാര്‍ട്ടി ഇടപെട്ട് പൊതുമരാമത്ത് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. നെല്‍വയല്‍ ഒഴിവാക്കിയുള്ള റൂട്ടുകള്‍ പരിശോധിക്കാമെന്ന് ഉറപ്പു നല്‍കി. ഇതേതുടര്‍ന്ന് സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വയലിലൂടെ തന്നെ റോഡ് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് വിജ്ഞാപനം ഇതിനിടെ പുറത്തിറങ്ങി. ഇതോടെ സമരം വീണ്ടും ശക്തിപ്പെടുകയായിരുന്നു.സമരത്തെ നേരിടാന്‍ പാര്‍ട്ടിയും ഭരണകൂടവും ഒരുപോലെ രംഗത്തിറങ്ങി.

സമരത്തില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങളെ പുറത്താക്കി. സ്ഥലം അളന്നുതിരിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ആത്മഹത്യ ഭീഷണിയുമായി നിന്ന സമരക്കാരെ പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് നേരിട്ടു. വസ്തു അളന്നു തിരിച്ച് അതിരിട്ടു. പൊലീസ് നോക്കിനില്‍ക്കെ സമരപന്തല്‍ സി.പി.എം പ്രവര്‍ത്തകര്‍ കത്തിച്ചു. പിന്നീട് ഇത് പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും ചെയ്തു.എന്നാല്‍ കീഴാറ്റൂരിലെ പോരാളികള്‍ ഭീഷണിക്കു മുന്നില്‍ വഴങ്ങി സമരം അവസാനിപ്പിക്കാന്‍ തയ്യാറല്ല. ഇവര്‍ക്ക് പിന്തുണയുമായി വിവിധ സംഘടനകള്‍ എത്തിയതോടെ സമരം ദേശീയ ജനശ്രദ്ധ നേടുകയാണ്. ഒരുചെറിയ പ്രദേശത്തെ സമരത്തെ പാര്‍ട്ടിക്ക് അടിച്ചൊതുക്കാനായേക്കുമെങ്കിലും സര്‍ക്കാരിനും പാര്‍ട്ടിക്കും ഭാവിയില്‍ അതുണ്ടാക്കിയേക്കാവുന്ന പോറല്‍ നിസാരമായിരിക്കില്ല.

chandrika: