X

സി.പി.എം സമ്മേളനത്തില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

തൃശൂര്‍: സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം. തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീലിനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കുമാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നത്. ധനമന്ത്രി തോമസ് ഐസക്ക്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഏ.കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു.

ജനപ്രതിനിധികളും ജനവും ഏറ്റവും ആശ്രയിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞനിലയിലാണെന്നും ഉദ്യോഗസ്ഥരുടെ പെരുമാറ്റം മോശമാണെന്നുമാണ് മന്ത്രി ജലീലിന് നേരെ ഉയര്‍ന്ന വിമര്‍ശനം. സിപിഎം സ്വതന്ത്രനായിരുന്ന കെ.ടി.ജലീലിനെ മന്ത്രിയാക്കിയതിനെതിരെ അഞ്ചു ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. മന്ത്രിയുടെ സ്റ്റാഫിലുള്ളവരുടെ പ്രവര്‍ത്തനം മോശമാണെന്നും വിമര്‍ശനമുണ്ടായി. പദ്ധതികളുടെ പ്രവര്‍ത്തനം താളംതെറ്റി. ശത്രുക്കളോട് പെരുമാറുന്നതുപോലെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും ഭരണമില്ലാത്തപ്പോള്‍ പോലും ഈ അവസ്ഥ ഉണ്ടായിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നു.

ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണെന്നും ഉദ്യോഗസ്ഥ ഭരണമാണ് വകുപ്പില്‍ നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രി ശൈലജയെ പ്രതിനിധികള്‍ വിമര്‍ശിച്ചത്. മന്ത്രിക്ക് ദൈനംദിന കാര്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയുന്നില്ല. മന്ത്രിയുടെ സ്റ്റാഫിലുള്ളവരുടെ പ്രവര്‍ത്തനം മോശമാണെന്നും വിമര്‍ശനമുണ്ടായി. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, മികച്ച മാര്‍ക്കുണ്ടായിട്ടും യോഗ്യതയുണ്ടായിട്ടും പണമില്ലാത്ത കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നതു സര്‍ക്കാരിനു ഭൂഷണമാണോയെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് മന്ത്രിയോട് ചോദിച്ചു.

chandrika: