X

സ്വര്‍ണക്കടത്തിനെ വര്‍ഗീയവത്ക്കരിച്ച് രക്ഷപ്പെടാന്‍ സി.പി.എം ശ്രമം: മടിയില്‍ കനമില്ലെന്ന് ബോര്‍ഡ് വച്ചാല്‍ പോര, തെളിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യത;വിഡി സതീശന്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ശിവശങ്കറിന് പുസ്തകം എഴുതാനും വെളിപ്പെടുത്തല്‍ നടത്താനും സര്‍ക്കാര്‍ അനുവാദം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സെക്രട്ടേറിയറ്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമപരമായ കോടതിയുടെ അനുമതിയോടെ 164(5) സ്റ്റേറ്റ്മെന്റ് നല്‍കിയ ഇതേ കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിനെതിരെ കലാപശ്രമത്തിന് പൊലീസ് കേസെടുത്തു. ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇരട്ട നീതി കാട്ടിയതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. നിയമപരമായ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ തന്നെ മുഖ്യമന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചത് എന്തിനെന്ന ചോദ്യത്തിനും മറുപടിയില്ല. സംസ്ഥാന വിജിലന്‍സ് ഡയറക്ടറായ എം.ആര്‍ അജിത്കുമാറും എ.ഡി.ജി.പി വിജയ് സാഖറെയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് എന്തിനായിരുന്നു? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെ സംസ്ഥാന പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഷാജ് കിരണിനെ ഉപകരണമാക്കി ഇടനിലക്കാരയത് എന്തിന് വേണ്ടിയായിരുന്നു? ഷാജ് കിരണ്‍ 30 തവണ എ.ഡി.ജി.പിയെ ഫോണില്‍ വിളിച്ചത് എന്തിന് വേണ്ടിയായിരുന്നു? മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും വേണ്ടി അമേരിക്കയിലേക്ക് ഡോളര്‍ കടത്തിയെന്നു പറഞ്ഞ ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് അയാളുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കാത്തത്? ഷാജ് കിരണ്‍ തമിഴ്നാട്ടില്‍ പോയി ഫോണ്‍ രേഖകളെല്ലാം മായ്ച്ച് കളഞ്ഞു. അവ പുറത്തു വന്നാല്‍ സര്‍ക്കാരിന് ഭീഷണിയാണ്. ഈ ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ മറുപടിയില്ല അദ്ദേഹം പറഞ്ഞു.

ആദ്യം മുഖ്യമന്ത്രി പറഞ്ഞു ബാഗേജ് മറന്നിട്ടില്ലെന്ന്. എന്നാല്‍ ബാഗേജ് മറന്നു പോയെന്നും സ്വപ്ന വഴി ഡിപ്ലോമാറ്റിക് ചാനലിലൂടെയാണ് കൊണ്ടു പോയതെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി എന്തിനാണ് കള്ളം പറഞ്ഞത്? പിന്നീട് മുഖ്യമന്ത്രി പറഞ്ഞു മറ്റൊരു വ്യക്തിയാണ് ബാഗ് കൊണ്ടു പോയതെന്നും അത് സ്‌ക്രീനിങ് ചെയ്തെന്നുമാണ്. സ്‌ക്രീനിങ് ചെയ്യുമെങ്കില്‍ എന്തിനാണ് ബാഗേജ് ഡിപ്ലോമാറ്റിക് ചാനല്‍ വഴി അയയ്ക്കുന്നത്? കസ്റ്റംസ് പരിശോധയില്‍ നിന്നും ഒഴിവാകാനാണ് ബാഗേജ് ഡിപ്ലോമാറ്റിക് ചാനല്‍ വഴി വിടുന്നത്. അപ്പോള്‍ മുഖ്യമന്ത്രിക്ക് വേണ്ടി അയച്ച അറന്മുള കണ്ണാടിക്ക് എന്തിനാണ് ഡിപ്ലോമാറ്റിക് ചാനല്‍? ഇങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്.

ഇന്നലെ നിയമസഭയില്‍ സംസാരിച്ച ഭരണകക്ഷി അംഗങ്ങള്‍ എല്ലാം ‘പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം പൂ പോലഴകുള്ളവരായിരുന്നു’ എന്ന പോലെ പിണറായിയുടെ ആറ് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയായിരുന്നു. ഖുറാന്‍, ഈന്തപ്പഴം, ബിരിയാണി ചെമ്പ് ഇവയെല്ലാം ഇസ്ലാമോഫോബിയ പരത്താനുള്ള വാക്കുകളാണെന്നാണ് ഭരണകക്ഷി അംഗം പറഞ്ഞത്. ഞങ്ങള്‍ ആരും ഈ വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെ വര്‍ഗീയവത്ക്കരിച്ച് രക്ഷപ്പെടാനാണ് ഭരണകക്ഷി ശ്രമിക്കുന്നത്. പ്രതിപക്ഷം നിയമപരമായ ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചത് അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസ് സി.ബി.ഐ അന്വേഷിച്ചത് പോലെ ഈ കേസും അന്വേഷിക്കട്ടെ. പിണറായിടുടെ പടം വച്ച് മടിയില്‍ കനമില്ലെന്ന ബോര്‍ഡ് വച്ചാല്‍ പോര, അന്വേഷണം നടത്തി മടിയില്‍ കനമില്ലെന്ന് തെളിയിക്കുകയാണ് വേണ്ടത്. മടിയില്‍ കനമില്ലെന്ന് തെളിയിക്കണമെങ്കില്‍ വെപ്രാളവും ഭയവും ഇല്ലാതെ നിയമപരമായ വഴി തേടണം.

മാത്യു കുഴല്‍നാടന്‍ പറഞ്ഞത് തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ശരിയാണെന്ന് രേഖകള്‍ സഹിതം മാത്യു തെളിയിച്ചു. ക്ഷോഭിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഷോഭിക്കാതെയാണ് മാത്യു കുഴല്‍നാടന്‍ തെളിവുകള്‍ ഹാജരാക്കിയത്. നിയമസഭയില്‍ പ്രതിപക്ഷം മോശമായ ഒരു വാക്കും ഉപയോഗിക്കാതെ വിഷയം അവതരിപ്പിക്കുകയാണ് ചെയ്തത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണപക്ഷാംഗങ്ങള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയില്‍ പിണറായിയെ സ്തുതിക്കുകയായിരുന്നു. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ പ്രതിപക്ഷം ക്ഷമയോടെ കേട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ പ്രസംഗിച്ചപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റ് നിന്ന് തടസപ്പെടുത്തി. എല്ലാ ജനങ്ങള്‍ കാണുന്നുണ്ട് എന്ന ബോധ്യത്തോടെയാണ് പ്രതിപക്ഷം സംസാരിച്ചത്. ആരാണ് ബഹളം ഉണ്ടാക്കിയതെന്ന് ജനങ്ങള്‍ ലൈവായി കണ്ടു.

പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഭരണകക്ഷി പ്രതിനിധികള്‍ എത്താതിരുന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. യു.ഡി.എഫ് നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് 20 മന്ത്രിമാരില്‍ ആരും വിമാനത്താവളത്തില്‍ എത്തിയില്ല. മോദിയെ ഭയന്നിട്ടാണോ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ എത്താതിരുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു അദ്ദേഹം പറഞ്ഞു.

Chandrika Web: