X

ആവേശത്തോടെ കോച്ച്

 

കൊച്ചി: ആരാധകരില്‍ ആവേശമുണര്‍ത്തുന്ന മത്സരങ്ങളാണ് പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതെന്ന് മുഖ്യ പരിശീലകന്‍ റെനി മ്യൂളെന്‍സ്റ്റീന്‍. കളി കഴിഞ്ഞാലും മത്സരത്തിന്റെ ആവേശവും ഓര്‍മകളും ആരാധകരില്‍ ബാക്കിയുണ്ടാവണം-ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ശേഷം ആദ്യമായി കൊച്ചിയിലെത്തിയ ഡച്ചുകാരനും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹ പരിശീലകനുമായ മ്യൂളെന്‍സ്റ്റീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താര തെരഞ്ഞെടുപ്പ് ആസൂത്രണത്തോടെ
ഐ.എസ്.എല്‍ ആദ്യ സീസണ്‍ മുതല്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. ഗ്രൗണ്ടില്‍ ടീമിന് ശക്തമായ പിന്തുണ നല്‍കുന്ന മികച്ച ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. കൃത്യമായ ആസുത്രണം നടത്തിയാണ് മുംബൈയില്‍ പ്ലയര്‍ ഡ്രാഫ്റ്റിനെത്തിയത്. പ്ലയര്‍ ഡ്രാഫ്റ്റില്‍ നിന്ന് 90 ശതമാനം ഉദ്ദേശിച്ച താരങ്ങളെ തന്നെ ലഭിച്ചു. ടീമില്‍ വടക്കു കിഴക്കന്‍ താരങ്ങളുടെ ധാരാളിത്തത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രാദേശികതയല്ല പരിഗണിച്ചതെന്നും താരങ്ങളുടെ പൊസിഷനും കഴിവും മാത്രമായിരുന്നു മാനദണ്ഡമെന്നും മ്യൂളെന്‍സ്റ്റീന്‍ മറുപടി നല്‍കി. ആദ്യ ടീമില്‍ കളിക്കാന്‍ പറ്റുന്ന താരങ്ങളാണ് നിലവില്‍ ടീമിലുള്ളത്.

ഹ്യൂം
കഠിനാധ്വാനിയായ
കളിക്കാരന്‍
കഠിനാധ്വാനിയായ കളിക്കാരനാണ് ഇയാന്‍ ഹ്യൂം. കഠിനാധ്വാനം ജനിതകമായി ചേര്‍ന്ന കളിക്കാരന്‍. കളത്തില്‍ കഠിനാധ്വാനം ചെയ്യുന്ന, ഊര്‍ജ്ജസ്വലരായ താരങ്ങളെയാണ് ടീമിന് ആവശ്യം. ജയിക്കാന്‍ വേണ്ട ഫോര്‍മേഷനിലായിരിക്കും ടീം കളിക്കുക. ഏതു ഫോര്‍മേഷനിലാണ് കളിക്കുക എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കളിക്കാരുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും ഫോര്‍മേഷന്‍ രൂപീകരിക്കുക. ബ്ലാസ്റ്റേഴ്‌സില്‍ മുന്‍ സീസണുകളില്‍ കളിച്ച താരങ്ങള്‍ പുതിയ ടീമിലെത്തുമോ എന്ന ചോദ്യത്തിന് ഭൂത കാലത്തില്‍ തൂങ്ങി നില്‍ക്കില്ലെന്നും ഭാവിയിലേക്കാണ് നോട്ടമെന്നുമായിരുന്നു കോച്ചിന്റെ മറുപടി. അലക്‌സ് ഫെര്‍ഗൂസനില്‍ നിന്ന് പഠിച്ച പാഠമാണിത്. നവംബറിന് മുമ്പായി മികച്ചൊരു വിദേശ ഗോള്‍കീപ്പര്‍ ടീമിലെത്തുമെന്ന സൂചനയും അദ്ദേഹം നല്‍കി.

വെല്ലുവിളി
നിറഞ്ഞ നിയോഗം
ലോക ഫുട്‌ബോള്‍ രംഗത്ത് ഇന്ത്യ മുന്നേറ്റമുണ്ടാക്കുമെന്നാണ് പുതിയ തലമുറയുടെ ആവേശം സൂചിപ്പിക്കുന്നത്. ഐ.എസ്.എല്‍ ആഗോള ശ്രദ്ധ നേടികഴിഞ്ഞു. വിദേശ കളിക്കാരും കളിരീതികളുമായി ചേര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ കുതിപ്പിന്റെ പാതയിലാണ്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിദഗ്ധരായ താരങ്ങള്‍ ഉണ്ടാവും. പുതിയ നിയോഗം വലിയ അവസരമാണ്. അതേസമയം വെല്ലുവിളി നിറഞ്ഞതുമാണ്. ബ്ലാസ്റ്റേഴ്‌സിന് തന്നിലുണ്ടായ വിശ്വാസമാണ് മറ്റു ഓഫറുകള്‍ നിരസിച്ച് തന്നെ ഇന്ത്യയിലെത്തിച്ചതെന്നും ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന കോച്ച് കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്‌സ് ജില്ലകള്‍ തോറും കേന്ദ്രീകരിച്ച് നടത്തുന്ന ആദ്യ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളില്‍ മ്യൂളെന്‍സ്റ്റീന്‍ നിര്‍വഹിച്ചു.

വിജയം മാത്രം
ലക്ഷ്യം
മ്യൂളെന്‍സ്റ്റീനിനെ പോലൊരു മികച്ച പരിശീലകന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ടെക്‌നിക്കല്‍ ഡയറക്ടറും സഹ പരിശീലകനുമായ തോങ്‌ബോയ് സിങ്‌തോ. ടീമിന്റെ വിജയത്തിനായി തനിക്കാവുന്നതെല്ലാം ചെയ്യും.പുതിയ സീസണിലേക്ക് താരങ്ങളെ ഒത്തിണക്കത്തോടെ വാര്‍ത്തെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മികച്ച സീസണ്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വരുണ്‍ ത്രിപുരാനേനിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

chandrika: