X

കഷ്ടം…!അവസരം തേടി കോടതിയില്‍

 

അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ തീരുമാനത്തിനെതിരെ മലയാളി താരം പി.യു ചിത്ര ഹൈക്കോടതിയില്‍. ചിത്രയുടെ ഹര്‍ജി സ്വീകരിച്ച കോടതി ദേശീയ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പ്രതികൂല സാഹചര്യത്തിലായിരുന്നു 1500 മീറ്റര്‍ ഓട്ട മത്സരം. എന്നിട്ടും രാജ്യത്തിനായി താന്‍ സ്വര്‍ണം നേടി. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയവര്‍ ലോക മീറ്റിന് നേരിട്ട് യോഗ്യത നേടുമെന്നിരിക്കെ തന്നെ ഒഴിവാക്കിയത് ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമാണെന്ന് ചിത്ര ഹര്‍ജിയില്‍ പറഞ്ഞു. ഈ ഇനത്തില്‍ ലോക മീറ്റില്‍ പങ്കെടുക്കാനുള്ള അര്‍ഹതയുണ്ട്. ഇതിന് അവസരം നല്‍കണമെന്ന് ഉത്തരവിടണം. ഇന്ത്യന്‍ ടീമിനൊപ്പം പോവാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ താരം ആവശ്യപ്പെട്ടു. രജിസ്ട്രി മുഖേന ഫാക്‌സായോ ഇമെയിലായോ ഫെഡറേഷന് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം ചിത്രയെ ഒഴിവാക്കിയ നടപടിക്കെതിരെ കായിക ലോകത്തും പുറത്തും പ്രതിഷേധം വ്യാപകമായി. ഈ മാസം ആദ്യം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. നേരത്തെ സാഫ് ഗെയിംസിലും സ്വര്‍ണം നേടിയ ചിത്രയുടെ അന്താരാഷ്ട്ര തലത്തിലെ രണ്ടാമത്തെ സ്വര്‍ണ നേട്ടം കൂടിയായിരുന്നു ഇത്. സപ്പോര്‍ട്ട് ചിത്ര എന്ന ഹാഷ് ടാഗില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെ കേന്ദ്രം വിഷയത്തില്‍ ഇടപെട്ടു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും കേന്ദ്ര കായിക മന്ത്രാലയവും ഫെഡറേഷനോട് വിശദീകരണം തേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചിത്രയെ പിന്തുണച്ച് രംഗത്തെത്തി. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.ബി. രാജേഷ് എം.പി ഇന്നലെ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനെ കണ്ടു. എന്നാല്‍ ചിത്രയെ ടീമിലുള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അത്‌ലറ്റിക് ഫെഡറേഷനാണെന്നാണ് കേന്ദ്ര കായിക മന്ത്രിയുടെ നിലപാട്. അതേസമയം, ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട താരങ്ങളുടെ പേരുകള്‍ അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന് (ഐ.എ.എ.എഫ്) നല്‍കേണ്ട അവസാന ദിവസം 24ന് അവസാനിച്ചതിനാല്‍ ചിത്രക്ക് മീറ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് കായിക രംഗത്തുള്ളവര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍ പോലും ഐ.എ.എ.എഫ്) അനുവദിച്ചാല്‍ മാത്രമേ ചിത്രക്ക് പങ്കെടുക്കാനാകൂ. അതിനുള്ള സാധ്യതയാകട്ടെ വിരളമാണ്. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചാലും ഐ.എ.എ.എഫിന്റെ പ്രത്യേക അനുമതി വേണ്ടി വരും.
ഞായറാഴ്ച്ചയാണ് ലോക മീറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടുന്നവര്‍ക്ക് നേരിട്ട് സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രമുഖ മലയാളികള്‍ക്ക് സ്വാധീനമുണ്ടായിട്ടും ചിത്ര ടീമില്‍ നിന്നൊഴിവാക്കപ്പെടുകയായിരുന്നു. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയവര്‍ക്ക് ലോക മീറ്റിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്നിരിക്കെയാണ് ചിത്രയെ ഒഴിവാക്കിയുള്ള അസോസിയേഷന്റെ കള്ളക്കളി നടന്നത്.
പരിശീലകയായി പി.ടി ഉഷ, പരിശീലകയും സര്‍ക്കാര്‍ നിരീക്ഷകയുമായി അഞ്ജു ബോബി ജോര്‍ജ്, മുഖ്യ പരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ 24 അംഗ ടീമിനൊപ്പം പോവുന്നുണ്ട്. ടീം മാനേജര്‍ ടോണി ഡാനിയേലും മലയാളിയാണ്. മെഡല്‍ സാധ്യതയില്ലെന്ന് പറഞ്ഞാണ് ചിത്രയെ ഒഴിവാക്കിയത്. ലോകമീറ്റില്‍ പങ്കെടുക്കുന്ന താരങ്ങളില്‍ ചുരുക്കം ചിലര്‍ മാത്രമാണ് യോഗ്യത മാര്‍ക്ക് കടന്നത് എന്നിരിക്കെ ചിത്രയടക്കമുള്ളവരെ പുറത്താക്കാന്‍ അസോസിയേഷന്‍ സ്വീകരിച്ച മാനദണ്ഡം വിചിത്രമാണെന്നും ആരോപണമുണ്ട്. ചിത്രയെ കൂടാതെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസ് സ്വര്‍ണ ജേതാവ് സുധാസിങ്, 1500 മീറ്റര്‍ ജേതാവ് അജോയ് കുമാര്‍ സരോജ് എന്നിവരെയും ഫെഡറേഷന്‍ ഒഴിവാക്കിയിട്ടുണ്ട്. ഒമ്പത് മലയാളി താരങ്ങള്‍ ടീമിലുണ്ട്.

chandrika: