X

മരുന്നു വാങ്ങാൻ പോലും പണമില്ല; കെഎസ്ആർടിസി മുൻ ജീവനക്കാരൻ ജീവനൊടുക്കി; പെൻഷൻ വൈകുന്നതിന്റെ വിഷമത്താലെന്നു ബന്ധുക്കൾ

വിരമിച്ച കെഎസ്ആർടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് പെൻഷൻ വൈകുന്നതിന്റെ മനോവിഷമത്താലെന്നു ബന്ധുക്കൾ. പെരിന്തൽമണ്ണ പുത്തൂർവീട്ടിൽ രാമനെയാണ് (78) തിങ്കളാഴ്ച വീടിനു സമീപത്തെ സ്വകാര്യ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, ശാരീരികാസ്വാസ്ഥ്യം കാരണമുള്ള മനോവിഷമം എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. ഇത് തിരുത്തണമെന്നും പെൻഷൻ ലഭിക്കാത്തതിനാൽ മരുന്നു വാങ്ങാനാവാത്തതിന്റെ മനോവിഷമമെന്ന് ചേർക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

മരിക്കുന്നതിന് തലേന്നും പെൻഷൻ ലഭിക്കാത്തതിലുള്ള ആശങ്ക രാമൻ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നതായി അടുപ്പമുള്ളവർ പറയുന്നു. 20ന് രാവിലെ ഒൻപതോടെ മുൻ സഹപ്രവർത്തകനെ വിളിച്ച്, പെൻഷൻ എപ്പോൾ ലഭിക്കുമെന്ന് അന്വേഷിച്ചു. അടുത്തയാഴ്ചയേ ലഭിക്കാനിടയുള്ളൂ എന്ന് മറുപടി ലഭിച്ചതോടെ നിരാശനായി വീടിന്റെ ഉമ്മറത്ത് കിടക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. ഒരു മണിക്കൂറിനു ശേഷമാണ് സമീപത്തെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

3 വർഷം മുൻപ് വാഹനാപകടത്തിൽ പരുക്കേറ്റ രാമന്റെ കാലിൽ സങ്കീർണമായ ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ വർഷം വീഴ്‌ചയിൽ തുടയെല്ല് പൊട്ടിയതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. ഊന്നുവടിയുടെ സഹായത്തോടെയാണു നടന്നിരുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. വലിയൊരു തുക ഓരോ ദിവസവും മരുന്നിന് ആവശ്യമായി വന്നിരുന്നു. മരിച്ചനിലയിൽ  കാണപ്പെടുന്നതിന് 12 ദിവസം മുൻപ് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമനെ ആൻജിയോപ്ലാസ്റ്റി നിർദേശിച്ച് ഒരാഴ്ചയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു. എന്നാൽ, പണമില്ലാത്തതിനാൽ ചെയ്യാനായില്ല. അതിന്റേതായ ബുദ്ധിമുട്ടുകളും രാമനുണ്ടായിരുന്നു.

3 സെന്റ് സ്ഥലത്തെ കൊച്ചു വീട്ടിൽ രാമനും ഭാര്യയും മാത്രമാണ് താമസം. മക്കൾ മാറിത്താമസിക്കുകയാണ്. പെൻഷൻ തുക കൊണ്ടാണ് മരുന്നുൾപ്പെടെ ചെലവുകളെല്ലാം നടത്തിയിരുന്നത്. ഏഴാം തീയതിക്കുള്ളിൽ ലഭിക്കേണ്ട പെൻഷൻ 20 ആയിട്ടും ലഭിക്കാതായതോടെ മരുന്നു വാങ്ങാൻ പണമില്ലാത്തതിന്റെ വിഷമത്തിലാണ് രാമൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ.

webdesk14: