X
    Categories: CultureViews

ക്രിസ്റ്റ്യാനോക്ക് ഹാട്രിക്; ബയേണിനെ തകര്‍ത്ത് റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ ബയേണ്‍ മ്യൂണിക്കിനെ 4-2 ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍. രണ്ടാം പാദത്തിലെ നിശ്ചിത സമയത്ത് ബയേണ്‍ 2-1 ന് ലീഡ് നേടിയിരുന്നെങ്കിലും എക്‌സ്ട്രാ ടൈമില്‍ റയല്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. ഇംഗ്ലീഷ് ക്ലബ്ബ് ലെസ്റ്റര്‍ സിറ്റിയെ അവരുടെ ഗ്രൗണ്ടില്‍ സമനിലയില്‍ തളച്ച് അത്‌ലറ്റികോ മാഡ്രിഡും അവസാന നാലിലേക്കു മുന്നേറി. ഇന്ന് ബാര്‍സലോണ യുവന്റസിനെയും മൊണാക്കോ ബൊറുസിയ ഡോട്മുണ്ടിനെയും നേരിടും.

സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റിരുന്ന ബയേണ്‍ 53-ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കിയുടെ പെനാല്‍ട്ടി ഗോളിലാണ് മുന്നിലെത്തിയത്. 76-ാം മിനുട്ടില്‍ കാസമീറോയുടെ പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ റയലിനെ ഒപ്പമെത്തിച്ചു. 78-ാം മിനുട്ടില്‍ ബോക്‌സിലെ അനിശ്ചിത്വത്തിനിടെ റാമോസ് സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ ബയേണിന് വീണ്ടും ലീഡായി. 84-ാം മിനുട്ടില്‍ റഫറിയുടെ തെറ്റായ തീരുമാനത്തില്‍ അര്‍തുറോ വിദാല്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെ ബയേണ്‍ പത്തുപേരായി ചുരുങ്ങി.

എക്‌സ്ട്രാ ടൈമിന്റെ 15-ാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോ റയലിനെ വീണ്ടും മുന്നിലെത്തിച്ചത്. ഇത്തവണയും റഫറിയുടെ തെറ്റായ തീരുമാനം റയലിന് അനുകൂലമായി. സെര്‍ജിയോ റാമോസിന്റെ ക്രോസ് ബോക്‌സില്‍ സ്വീകരിക്കുമ്പോള്‍ ക്രിസ്റ്റിയാനോ വ്യക്തമായി ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു. 110-ാം മിനുട്ടില്‍ ബയേണ്‍ പ്രതിരോധം ഭേദിച്ചു കയറിയ മാര്‍സലോ ക്രിസ്റ്റിയാനോയെ ഹാട്രിക് പൂര്‍ത്തിയാക്കാന്‍ സഹായിച്ചപ്പോള്‍ രണ്ടു മിനുട്ടിനു ശേഷം മാര്‍കോ അസന്‍സിയോ പട്ടിക തികച്ചു.

ലെസ്റ്ററിനെതിരെ 1-1 സമനില പിടിച്ചാണ് അത്‌ലറ്റികോ സെമിയിലേക്ക് മുന്നേറിയത്. 26-ാം മിനുട്ടില്‍ സൗളിന്റെ ഗോളില്‍ ലീഡെടുത്ത അത്‌ലറ്റികോടെ 61-ാം മിനുട്ടില്‍ ജാമി വാര്‍ഡിയിലൂടെ ലെസ്റ്റര്‍ ഒപ്പമെത്തിയെങ്കിലും പിന്നീട് രണ്ടു ഗോളടിച്ച് തിരിച്ചുവരാന്‍ ലെസ്റ്ററിന് കഴിഞ്ഞില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: