X

പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ അറസ്റ്റോ – എഡിറ്റോറിയല്‍

കോണ്‍ഗ്രസ് വക്താവ് പവന്‍രേഖ അറസ്റ്റിലായ സംഭവം രാജ്യം ഏത് ദിശയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ കാഴ്ച്ചയാണ്. വാര്‍ത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തി എന്ന കേസില്‍ ഡല്‍ഹിയില്‍ നിന്ന് റായ്പൂരിലേക്കുള്ള ഇന്റിഗോ വിമാനത്തില്‍നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയാണ് അറസ്റ്റുരേഖപ്പെടുത്തിയത്. എഫ്.ഐ.ആറോ രേഖകളോ കാണിക്കാതെ അറസ്റ്റിനു ശ്രമിച്ച ഡല്‍ഹിപൊലീസിനോട് കോണ്‍ഗ്രസ് നേതാക്കള്‍ കയര്‍ത്തപ്പോള്‍ അറസ്റ്റിന് സൗകര്യം ചെയ്തുതരണമെന്ന അസം പൊലീസിന്റെ കത്തുമാത്രമാണ് അവര്‍ക്ക് കാണിക്കാനുണ്ടായിരുന്നത്.

രാജ്യത്തെ ഒരു മുതിര്‍ന്ന നേതാവിനെതിരെയാണ് ഇത്രയും നിരുത്തരവാദപരമായ സമീപനം പൊലീസ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംഭവത്തിനുപിന്നിലെ ആസൂത്രണവും പുറത്തായിരിക്കുകയാണ്. യാത്ര അഞ്ചുമണിക്കൂറോളം തടസപ്പെട്ടതിനെ തുടര്‍ന്ന് ഇന്റിഗോ അധികൃതര്‍ നടത്തിയ ക്ഷമാപണം രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളേയും മോദിസര്‍ക്കാര്‍ എത്രത്തോളം ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ഉദാഹരണമാണ്. അധികൃതരുടെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നാണ് യാത്രക്കാരോട് നടത്തിയ ക്ഷമാപണത്തില്‍ അവര്‍ വ്യക്തമാക്കിയത്.

രാജ്യത്ത് പ്രതിപക്ഷ സ്വരം ഉയരാനേ പാടില്ലെന്ന സംഘപരിവാരത്തിന്റെ തിട്ടൂരമാണ് പവന്‍ഖേരയുടെ അറസ്റ്റിനുപിന്നില്‍ എന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ബി.ജെ.പിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഹൃദയംകീഴടക്കി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത്‌ജോഡോ യാത്രതന്നെ ബി.ജെ.പി തങ്ങള്‍ക്കുള്ള കനത്ത മുന്നറിയിപ്പായെടുത്തിട്ടുണ്ട്.

രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാ വിഭാഗം ജനങ്ങളും രാഹുലിനൊപ്പം അണിനിരന്നതും വിവിധ രംഗങ്ങളിലെ പ്രമുഖര്‍ അദ്ദേഹവുമായി സംവദിക്കാനെത്തിയതും അധികാരത്തിന്റെ ഹുങ്കില്‍ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ബി.ജെ.പി സര്‍ക്കാറിനുള്ള താക്കീതായിരുന്നു. യാത്രയിലൂടെ 2024 ലും അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ ഉറക്കം നഷ്ടപ്പെട്ടപ്പോള്‍ മറ്റു പ്രതിപക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസില്‍ കൂടുതല്‍ വിശ്വാസം രൂപപ്പെടുകയും പ്രതിപക്ഷ ഐക്യം എന്ന ചര്‍ച്ച സജീവമാവുകയും ചെയ്തിരിക്കുകയാണ്. ബീഹാറിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ രൂപപ്പെട്ടുവരുന്ന മോദിവിരുദ്ധ നീക്കങ്ങളും ഈ യാത്ര നല്‍കിയ ആവേശത്തിന്റെ പിന്‍ബലത്തിലാണ്.

അതുകൊണ്ട് തന്നെ ഭാരത് ജോഡോ യാത്രയെ പാതി വഴിയില്‍ നിര്‍ത്തിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും മോദിസര്‍ക്കാര്‍ പയറ്റിയിരുന്നു. കോവിഡിന്റെ പേരിലും സുരക്ഷയുടെ പേരിലുമെല്ലാം അവര്‍ പിന്നാലെ കൂടിയെങ്കിലും രാഹുല്‍ ഗാന്ധിയുടെ ഇഛാശക്തിയുടെ പിന്‍ബലമൊന്നുകൊണ്ടു മാത്രം യാത്രക്ക് ശുഭപര്യവസാനമൊരുങ്ങുകയായിരുന്നു.

പുതിയ അധ്യക്ഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യപ്ലീനറി സമ്മേളനത്തെയും ഇതേ വേവലാതിയോടെയാണ് ബി.ജെ.പി കാണുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പവന്‍രേഖയുടെ അറസ്റ്റ്. നേരത്തെ സമ്മേളനത്തിന് ആധിത്യമരുളുന്ന ചത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തിയും സമ്മേളനത്തെ വെല്ലുവിളിക്കാന്‍ ശ്രമം നടത്തിയിരുന്നു. പാര്‍ട്ടി വക്താവിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചടുല നീക്കങ്ങള്‍ മോദിക്കും സംഘത്തിനുമുള്ള മുന്നറിയിപ്പാണ്. മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിങ്‌വിയെ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ ചുമതലപ്പെടുത്തുകയും അദ്ദേഹം കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. കടുത്ത നിബന്ധനോയടെയാണെങ്കിലും പവന്‍ ഖേരക്ക് ജാമ്യം നല്‍കിയതിലൂടെ പരമോന്നത നീതിപീഠവും സര്‍ക്കാറിന്റെ നീക്കങ്ങളെ പുഛിച്ചുതള്ളിയിരിക്കുകയാണ്.

ഏതായാലും രാജ്യം തിരഞ്ഞെടുപ്പ് ഗോഥയിലേക്കിറങ്ങാനിരിക്കെ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം നടന്ന അറസ്റ്റ് നാടകം. ബി.ജെ.പി സര്‍ക്കാര്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെ രാജ്യത്തിന്റെ സകല മേഖലകളും തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. ഈ ദുര്‍ഭരണം ജനങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടാതിരിക്കാന്‍ സര്‍ക്കാറിനെയും മന്ത്രിമാരെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെയുള്ള നീതി പീഠത്തിന്റെ അവസരോചിതമായ ഇടപെടലും പ്രതിപക്ഷത്തിന്റെ ചടുലമായ നീക്കങ്ങളും രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് പ്രതീക്ഷാ നിര്‍ഭരമാണ്.

webdesk13: