X

മോദി സര്‍ക്കാറിനെതിരെ മറ്റൊരു സൈനികന്‍ കൂടി; വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനികരുടെ ദുരിതം വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാറിനെതിരെ മറ്റൊരു സൈനികന്‍ കൂടി രംഗത്ത്. രാജസ്ഥാന്‍ മൗണ്ട് അബുവിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ജീത്ത് സിങാണ് മോദി സര്‍ക്കാറിനെതിരെ രംഗത്തുവന്നത്. അതിര്‍ത്തിയിലെ ദുരിതം വിവരിക്കുന്ന ജീത്ത് സിങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം ചര്‍ച്ചാവിഷയമായിട്ടുണ്ട്. അര്‍ധസൈനിക വിഭാഗത്തോടുള്ള വിവേചനമാണ് ജീത്ത് സിങ് ചൂണ്ടിക്കാട്ടുന്നത്. സൈനികര്‍ക്ക് കൃത്യമായി പെന്‍ഷന്‍ നല്‍കുമ്പോള്‍ ദുരിതം ഏറെ അനുഭവിക്കേണ്ടി വരുന്ന അര്‍ധസൈനിക വിഭാഗത്തിന് സര്‍ക്കാര്‍ തിരസ്‌കരിക്കുകയാണെന്ന് ജീത്ത് ആരോപിക്കുന്നു.

‘സ്വന്തം ജീവിതം രാജ്യത്തിനു സമര്‍പ്പിച്ച ഞങ്ങളെ പോലുള്ളവര്‍ക്ക് എക്‌സ് സര്‍വീസ്‌മെന്‍ ക്വാട്ടയോ ആരോഗ്യ പരിരക്ഷാ പദ്ധതിയോ ഇല്ല. സൈനികര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അര്‍ധ സൈനിക വിഭാഗത്തെ എല്ലായിടത്തും തഴയുന്ന സമീപമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാന്റീന്‍ സൗകര്യങ്ങളോ, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയോ ഞങ്ങള്‍ക്കില്ല. വിരമിച്ചവര്‍ക്ക് ഒരു തലത്തിലുമുള്ള ആനുകൂല്യങ്ങളില്ല. ഞങ്ങളുടെ പെന്‍ഷന്‍ സംവിധാനം വരെ നിര്‍ത്തിവെച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.’-ജീത്ത് സിങ് പറയുന്നു. നേരത്തെ അതിര്‍ത്തിയിലെ സൈനികര്‍ക്ക് കൃത്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച് ബിഎസ്എഫ് ജവാന്‍ തേജ് ഭഹദൂര്‍ രംഗത്തുവന്നത് വന്‍ വിവാദമായതിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ മറ്റൊരു സൈനികന്റെ വെളിപ്പെടുത്തല്‍.
മോശം കാലാവസ്ഥയും ഭക്ഷണ പോരായ്മയും കാരണം അതിര്‍ത്തിയില്‍ സൈനികര്‍ ദുരിതമനുഭവിക്കുകയാണെന്നായിരുന്നു തേജ് ഭഹദൂര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ അലഭാവത്തിനെതിരെ ശബ്ദിച്ച ഇയാളെ ബിഎസ്എഫ് ആസ്ഥാനത്തേക്ക് മാറ്റുകയും പ്ലമ്പര്‍ ജോലി നല്‍കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

chandrika: