X

സി.യു.ഇ.ടി പി.ജി: സമയം വീണ്ടും നീട്ടി

മികച്ച ഭൗതിക സാഹചര്യങ്ങൾ, കഴിവുറ്റ അധ്യാപകർ,വിശാലമായ ക്യാമ്പസുകൾ,മികവുറ്റലൈബ്രറികൾ, മിതമായ ഫീസ് തുടങ്ങി നിരവധി സവിശേഷതകളുള്ള കേന്ദ്ര സർവ്വകലാശാലകളിലെ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാനുള്ള പൊതു പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് – പോസ്റ്റ് ഗ്രാജ്വേററിൻ്റെ (സി.യു.ഇ.ടി – പി.ജി ) അപേക്ഷാ തിയ്യതി വീണ്ടും നീട്ടി.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ)യുടെ പുതിയ അറിയിപ്പ് പ്രകാരം ഫെബ്രുവരി 7 ന് രാത്രി 11:50 വരെ അപേക്ഷ സമർപ്പിക്കാം.

പ്രവേശന സ്ഥാപനങ്ങൾ

കേരള സെൻട്രൽ യൂണിവേഴ്സിറ്റി കാസർക്കോട്,
ആസാം, ആന്ധ്ര പ്രദേശ്, സൗത്ത് ബീഹാർ, ഗുജറാത്ത്, ഹരിയാന,ഹിമാചൽ പ്രദേശ്,ജമ്മു, ജാർഖണ്ഡ്, കർണാടക, പഞ്ചാബ് ,രാജസ്ഥാൻ, തമിഴ്നാട് ,
ഗുരു-ഗാസി ദാസ് വിശ്വ വിദ്യാലയ ,
ജവഹർലാൽ നെഹ്റു ,പോണ്ടിച്ചേരി,ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്,ത്രിപുര, ഹൈദരാബാദ് ,ഡൽഹി തുടങ്ങിയ സെൻട്രൽ യൂനിവേഴ്സിറ്റികൾ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്,
ഫൂട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റ്യൂട്ട് ,
ഇന്ത്യൻ കളിനറി ഇൻസ്റ്റ്യൂട്ട് ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ,
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ സി.യു.ഇ.ടി പി.ജി സ്കോർ വഴിയാണ് പ്രവേശനം. കൂടാതെ വിവിധ സംസ്ഥാന/കൽപ്പിത/സ്വകാര്യ സർവകലാശാലകളും പ്രവേശന മാനദണ്ഡമായി സി.യു.ഇ.ടി സ്കോർ പരിഗണിക്കുന്നുണ്ട്.

അപേക്ഷാ യോഗ്യത

ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത ബിരുദം നേടിയവർക്കും അവസാനവർഷ
പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായപരിധിയില്ല. എന്നാൽ ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളിലെ വ്യവസ്ഥകൾ പാലിക്കേണ്ടി വരും.
ഓരോ കോഴ്സിനും വിവിധ സർവകലാശാലകളിൽ വ്യത്യസ്ത പ്രവേശന യോഗ്യതയായിരിക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ

മാർച്ച് 11 നും 28 നു മിടയിലാണ് പരീക്ഷ.ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളുണ്ട്. 75 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് 105 മിനിറ്റ് സമയം. ശരിയുത്തരത്തിന് 4 മാർക്ക് തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും.
താല്പര്യമനുസരിച്ച് നാല് ടെസ്റ്റ് പേപ്പറുകൾ വരെ എഴുതാം. ചേരാനുദ്ദേശിക്കുന്ന
സർവകലാശാലയിലെ താല്പര്യമുള്ള കോഴ്സിന് ഏത് പേപ്പറാണ് വേണ്ടതെന്ന് മനസ്സിലാക്കി വേണം പേപ്പറുകൾ തിരഞ്ഞെടുക്കുന്നത്.

പരീക്ഷാകേന്ദ്രങ്ങൾ

കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷയെഴുതാം.
24 വിദേശ കേന്ദ്രങ്ങളടക്കം മുന്നൂറോളം പരീക്ഷാകേന്ദ്രങ്ങളുണ്ട്.
മുൻഗണനയനുസരിച്ച് രണ്ട് പരീക്ഷാകേന്ദ്രങ്ങൾ അപേക്ഷയിൽ കാണിക്കണം.
സ്ഥിര മേൽവിലാസമോ ഇപ്പോഴുള്ള മേൽവിലാസമോ ഉൾപ്പെട്ട സംസ്ഥാനത്തെ കേന്ദ്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.
അഡ്മിറ്റ് കാർഡ് മാർച്ച് ഏഴ് മുതൽ വെബ്സൈറ്റിൽ ലഭ്യമാകും .

അപേക്ഷ

pgcuet.samarth.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്. ജനറൽ വിഭാഗക്കാർക്ക് രണ്ട് പേപ്പർ വരെ എഴുതാൻ 1200 രൂപയാണ് ഫീസ്. ഓരോ അധിക പേപ്പറിനും 600 രൂപ വീതവും.
ഒ.ബി.സി, ഇ.ഡബ്ല്യു എസ്,പട്ടിക വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസിളവുണ്ട്.
വിദേശത്ത് പരീക്ഷ എഴുതാൻ എല്ലാ വിഭാഗക്കാരും രണ്ട് പേപ്പർ വരെ ആറായിരം രൂപയും ഓരോ അധിക പേപ്പറിന് 2000 രൂപ വീതവും അടയ്ക്കണം.
ഫെബ്രുവരി 8 രാത്രി 11:50 വരെ ഫീസടക്കാം.
അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിന് ഫെബ്രുവരി 9 മുതൽ 11 ന് രാത്രി 11:50 വരെ സമയമുണ്ട്.

സി.യു.ഇ.ടി പി.ജി പരീക്ഷയിൽ മികച്ച സ്കോർ നേടിയത് കൊണ്ട് മാത്രം
പ്രവേശനം ലഭിക്കുകയില്ല.
താല്പര്യമുള്ള സർവകലാശാലകളിൽൽ പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ സ്കോർ പരിഗണിച്ച്, ഓരോ സർവ്വകലാശാലയും പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തുക

പി.കെ അന്‍വര്‍ മുട്ടാഞ്ചേരി

കരിയര്‍ വിദഗ്ധന്‍ anver@live.in

webdesk14: