X

നോട്ടടിക്കുന്ന പ്രസില്‍ മോഷണം; ജീവനക്കാരന്‍ കൈക്കലാക്കിയത് 90 ലക്ഷം രൂപ

നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്നും ജീവനക്കാരന്‍ മോഷ്ടിച്ചത് 90 ലക്ഷം രൂപ. ദേവാസിലുള്ള പ്രസിലെ സീനിയര്‍ സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന മനോഹര്‍ വര്‍മ്മയുടെ വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. അച്ചടിക്കിടെ ഒഴിവാക്കുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ സൂപ്പര്‍വൈസറാണ് മനോഹര്‍ വര്‍മ. നോട്ട് അസാധുവാക്കലിന് ശേഷം വന്‍ തുകയുടെ നോട്ടുകളാണ് പ്രിന്റ് ചെയ്തത്. ഇതേതുടര്‍ന്ന് ചെറിയ തെറ്റുകളുണ്ടായ നിരവധി നോട്ടുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത്തരം നോട്ടുകളാണ് വര്‍മ കൈക്കലാക്കിയത്.

ഇങ്ങനെ കേടുപാടുകള്‍ സംഭവിച്ച നോട്ടുകള്‍ ബണ്ടിലുകളായാണ് സൂക്ഷിച്ചിരുന്നത്. വര്‍മ ദിവസേന ഓരോ ബണ്ടിലുകള്‍ മോഷ്ടിക്കുകയും ഓഫീസ് റൂമിലെ ലോക്കറില്‍ സൂക്ഷിക്കുകയുമായിരുന്നു. പിന്നീട് വസ്ത്രത്തില്‍ ഒളിപ്പിച്ച് വീട്ടിലേക്ക് കടത്തുകയായിരുന്നു പതിവ്.

പുറത്തേക്ക് പോകുമ്പോള്‍ വര്‍മ പതിവായി സോക്‌സ് പരിശോധിക്കുന്നത് സഹപ്രവര്‍ത്തകരില്‍ സംശയം ഉണര്‍ത്തി. ഇതേതുടര്‍ന്ന് ബിഎന്‍പി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ നിരീക്ഷിക്കുകയും പണം കടത്തുന്നത് കണ്ടെത്തുകയുമായിരുന്നു.

ഇതേതുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. വെള്ളിയാഴ്ച വര്‍മ ജോലി കഴിഞ്ഞ് മടങ്ങിയതിനെ തുടര്‍ന്ന് പൊലീസ് അദ്ദേഹത്തിന്റെ ക്യാബിനില്‍ പരിശോധന നടത്തുകയും ലോക്കറില്‍ പണം കണ്ടെത്തുകയുമായിരുന്നു. വര്‍മയുടെ ലോക്കറില്‍ നിന്ന് 26.09 ലക്ഷം രൂപയും വീട്ടില്‍ നിന്ന് 64 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി. എല്ലാം 500 രൂപയുടെ നോട്ടുകളായിരുന്നുവെന്ന് പൊലീസ് മേധാവി അറിയിച്ചു.

തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ വര്‍മയെ ജനുവരി 22 വരെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ വര്‍മയ്ക്ക് സഹായികളുണ്ടായിരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. മോഷ്ടിച്ചതില്‍ എത്ര രൂപ വര്‍മ ചെലവാക്കിയെന്നും കണ്ടെത്തണമെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അനില്‍ പാട്ടീദാര്‍ അറിയിച്ചു.

chandrika: