X

കറന്‍സി ഉപയോഗത്തിന് പൂട്ടിട്ട് സര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ട് ഇടപാടുകള്‍ക്ക് ബജറ്റില്‍ കര്‍ശന നിയന്ത്രണം. മൂന്ന് ലക്ഷം രൂപക്ക് മുകളില്‍ കറന്‍സി ഇടപാടുകള്‍ പാടില്ല. ഇതിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പണരഹിത സമ്പദ് വ്യവസ്ഥയ്ക്ക് പ്രോല്‍സാഹനം നല്‍കാനാണ് പണമിടപാടുകള്‍ക്ക് മേലുള്ള വിലക്ക്.

പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ കറന്‍സി നിയന്ത്രണം പ്രാബല്യത്തില്‍ വരും.കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ സംഘത്തിന്റെ (എസ്‌ഐടി) നിര്‍ദേശ പ്രകാരമാണ് ഈ നിര്‍ദേശം.

‘ മൂന്നു ലക്ഷത്തിനു മുകളില്‍ പണം ഇടപാടുകള്‍ റദ്ദാക്കണമെന്നു എസ്‌ഐടി ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു’. ജയറ്റ്‌ലി വ്യക്തമാക്കി. റിട്ട. ജസ്റ്റീസ് എം. ബി ഷാ അധ്യക്ഷനായുള്ള എസ്‌ഐടി ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കടുത്ത നോട്ട് ഇടപാട് നിയന്ത്രണത്തിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാവുമെന്നും നികുതി വെട്ടിപ്പുകള്‍ ഒരു പരിധി വരെ മൂക്ക് കയറിടാനാകുമെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

chandrika: