X
    Categories: indiaNews

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡിനായി ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വില

ഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ കോവിഷീല്‍ഡ് വാക്‌സിനായി നല്‍കേണ്ടിവരിക ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഷീല്‍ഡ് വാക്‌സിന്റെ ഒരു ഡോസിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന 600 രൂപ ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരക്കാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന ഒരു ഡോസിന് 600 രൂപ എന്നത് ഏകദേശം 8 ഡോളറിന് തുല്യമാണ്. ഒരു ഡോസ് വാക്‌സിന് ലോകത്ത് ഇടാക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ്. സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ സൗജന്യമല്ലെന്ന് സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ എടുക്കുന്നവരും ഒരു ഡോസിന് 400 രൂപ (5.30 ഡോളറില്‍ കൂടുതല്‍) നല്‍കണം.

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന 400 രൂപ എന്നതുപോലും യു.എസ്., യു.കെ., യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ നേരിട്ട് അസ്ട്രസെനെക്കയില്‍നിന്ന് വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ, കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരേ പ്രതിപക്ഷവും സംസ്ഥാനങ്ങളും എതിര്‍പ്പ് ശക്തമാക്കുന്നതിനിടയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തങ്ങളുടെ വാക്‌സിന്റെ വില പ്രഖ്യാപിച്ചിരുന്നു. കോവീഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും നല്‍കുമെന്നാണ് കമ്പനി സി.ഇ.ഒ. അദാര്‍ പൂനാവാല അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന് 150 രൂപ നിരക്കിലായിരുന്നു നല്‍കിയിരുന്നത്. വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് നല്‍കിയതും വിലയിലെ അന്തരവും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

 

web desk 3: