X
    Categories: CultureMoreViews

ദളിത് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു; ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ശ്രമമെന്ന് ഗീതാനന്ദന്‍

തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി റോഡ് ഉപരോധിച്ച നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദന്‍, അഡ്വ.പി.ജെ മാനുവല്‍, വി.സി ജെന്നി, എ.ബി പ്രശാന്ത്, ഷിജി കണ്ണന്‍, സി.എസ്. മുരളി ശങ്കര്‍, അഭിലാഷ് പടചേരി, ജോയ് പാവേല്‍ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതുകൊണ്ടാണ് ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വാഹനം തടഞ്ഞിട്ടില്ലെന്ന് ഗീതാന്ദന്‍ പറഞ്ഞു. ദളിത് നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഹര്‍ത്താല്‍ പരാജയപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലുള്ളത്. പൊലീസ് കസ്റ്റഡിയിലെടുത്തവരില്‍ പലരും സംഘടനാ പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു. കോഴിക്കോട് രാവിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു. കോട്ടയത്ത് ഹര്‍ത്താല്‍ പൂര്‍ണമാണ്. തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഹര്‍ത്താലില്‍ അക്രമമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് പൊലീസ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: