X
    Categories: indiaNews

ഡിസിപി മഫ്തി വേഷത്തില്‍ എത്തിയപ്പോള്‍ കടത്തിവിട്ടില്ല, പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ശിക്ഷ

കൊച്ചി: താന്‍ മഫ്തി വേഷത്തിലെത്തിയപ്പോള്‍ തിരിച്ചറിയാതെ പൊലീസ് സ്‌റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് ഡിസിപി ഐശ്വര്യ ഡോങ്‌റെ. പാറാവു ജോലി ഏറെ ജാഗ്രത വേണ്ട ജോലിയാണ്. ‘ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല. മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവു കാട്ടി’ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ട്രാഫിക്കിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ഡിസിപി വിശദീകരിച്ചത്.

കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ ഒരു യുവതി സ്റ്റേഷനിലേയ്ക്ക് കയറിപ്പോകാന്‍ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്. വന്നയാള്‍ യൂണിഫോമില്‍ അല്ലായിരുന്നു എന്നതിനാലും പുതുതായി ചുമതലയേറ്റ ഡിസിപിയുടെ മുഖപരിചയം ഇല്ലായിരുന്നു എന്നതിനാലുമായിരുന്നു ആളറിയാതെ തടഞ്ഞു നിര്‍ത്തിയത്. കോവിഡ് കാലമായതിനാല്‍ ആളുകളെ സ്റ്റേഷനിലേക്ക് കടത്തി വിടുന്നതിനു മുന്‍പ് വിവരങ്ങള്‍ ആരായേണ്ടതുമുണ്ട് എന്നതും തടയാന്‍ കാരണമായി.

തൊട്ടു പിന്നാലെയാണ്, വനിതാ പൊലീസ് സ്റ്റേഷന്‍ പരിശോധിക്കാനെത്തിയ ഡിസിപിയാണ് മുന്നില്‍ നില്‍ക്കുന്നത് എന്നു വ്യക്തമായത്. സംഭവത്തില്‍ പ്രകോപിതയായ ഡിസിപി വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിക്കുകയും തൃപ്തികരമല്ലാത്തതിനാല്‍ രണ്ടു ദിവസത്തേക്ക് ട്രാഫിക്കിലേയ്ക്ക് ശിക്ഷാനടപടിയായി അയയ്ക്കുകയുമായിരുന്നു.

പൊലീസുകാരിയെ ട്രാഫിക്കില്‍ അയച്ചതോടെ സംഭവം പൊലീസുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയുണ്ടാക്കിയിരുന്നു. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമില്‍ അല്ലാതെ എത്തിയാല്‍ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇവരുടെ ചോദ്യം. കോവിഡ് വിലക്കുകളുടെ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ചോദ്യമില്ലാതെ കയറ്റിവിട്ടാല്‍ അതും കൃത്യവിലോപമായി പരിഗണിച്ച് ശിക്ഷിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നെന്നും പൊലീസുകാര്‍ പറയുന്നു.

 

web desk 3: