X
    Categories: indiaNews

ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ പ്രിയ വകുപ്പ്-സുഫ്‌യാന്‍ അബ്ദുസ്സലാം

ഇന്ത്യന്‍ പീനല്‍ കോഡില്‍ 124എ എന്ന സെക്ഷനായി അറിയപ്പെടുന്ന രാജ്യദ്രോഹ നിയമം പരമോന്നത നീതിപീഠം മരവിപ്പിച്ചിരിക്കുകയാണ്. ഇന്ത്യാരാജ്യം ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും അവകാശപോരാട്ടങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ വേണ്ടി നിര്‍മിച്ച ജനദ്രോഹ നിയമമായിരുന്നു ഒന്നര നൂറ്റാണ്ടിലധികം നിലനിന്നിരുന്ന രാജ്യദ്രോഹ നിയമം. ബ്രിട്ടീഷുകാര്‍ അടക്കമുള്ള സ്വേച്ഛാധിപത്യ പ്രവണതയുള്ള ഫാസിസ്റ്റ് ഭരണകൂട സംവിധാനങ്ങള്‍ക്ക് പ്രിയങ്കരമാണ് ഇതുപോലുള്ള നിയമങ്ങള്‍. അതുകൊണ്ടാണ് ഈ നിയമത്തെ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യാന്‍ രാജ്യം ഭരിക്കുന്ന സംഘ്പരിവാറിന്റെ സ്വേച്ഛാധിപത്യ സര്‍ക്കാരിന് സാധിച്ചത്.

1836 ല്‍ മെക്കാളെ പ്രഭു രൂപം കൊടുത്ത ബ്രിട്ടീഷ് ഇന്ത്യന്‍ ലോ കമ്മീഷന്‍ ആണ് ഈ നിയമം ആവിഷ്‌കരിച്ചത്. ബ്രിട്ടനില്‍ ഇരിക്കുന്ന ചക്രവര്‍ത്തിക്കെതിരെ സ്വാതന്ത്ര്യവും അധികാരവും നിഷേധിക്കപ്പെട്ട ഇന്ത്യന്‍ ജനത വിമര്‍ശനം ഉന്നയിച്ചാല്‍ അവയെ രാജ്യദ്രോഹമായി മുദ്രകുത്തി എക്കാലത്തേക്കും കാരാഗൃഹങ്ങളില്‍ അടക്കുന്നതിനാണ് നിയമം ഉണ്ടാക്കിയത്. 1857ല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ ശക്തമായതിന്‌ശേഷം 1870 മുതലാണ് അത് ഇന്ത്യന്‍ പീനല്‍ കോഡില്‍ സ്ഥാനം പിടിച്ചത്. അങ്ങനെ പ്രത്യക്ഷ സമരങ്ങളെ അവര്‍ തളച്ചപ്പോള്‍ ഇന്ത്യന്‍ ജനത കല, അഭിനയം, മാധ്യമപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പ്രതിരോധം തീര്‍ത്തു. എന്നാല്‍ 1876 ല്‍ ‘ഡ്രമാറ്റിക് പെര്‍ഫോമന്‍സ് ആക്ട്’, 1878 ല്‍ ‘വെര്‍നാക്കുലര്‍ പ്രസ് ആക്ട്’ എന്നിവ കൊണ്ടുവന്നുകൊണ്ട് ബ്രിട്ടീഷുകാര്‍ മുഴുവന്‍ സമരമാര്‍ഗങ്ങളിലും തടസ്സങ്ങള്‍ സൃഷ്ടിച്ചു. ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹ നിയമം ചാര്‍ത്തി ശിക്ഷിച്ച ബാല ഗംഗാധര തിലകന്‍ അന്ന് കോടതിയില്‍ ചോദിച്ച ചോദ്യമുണ്ട്. സകല ഫാസിസ്റ്റ് സര്‍ക്കാരുകളുടെയും കര്‍ണപുടങ്ങളില്‍ ഇന്നും അലയടിക്കുന്ന ചോദ്യമാണത്. ‘ഇത് ബ്രിട്ടീഷ് സര്‍ക്കാറിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ ‘രാജ്യദ്രോഹ’മാണോ അതോ ഇന്ത്യന്‍ ജനതക്കെതിരായ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ‘ദേശദ്രോഹ’മാണോ? എന്നായിരുന്നു ആ ചോദ്യം. തിലകന്‍ മാത്രമല്ല, മഹാത്മാഗാന്ധിയും ആനിബസന്റും അടക്കമുള്ള ധാരാളം സ്വതന്ത്ര സമര സേനാനികള്‍ രാജ്യദ്രോഹം ആരോപിക്കപ്പെട്ട് ബ്രിട്ടീഷ് കാലത്ത് ജയിലില്‍ അടക്കപ്പെട്ടിട്ടുണ്ട്.

യംഗ് ഇന്ത്യയില്‍ എഴുതിയ ലേഖനങ്ങളുടെ പേരിലായിരുന്നു മഹാത്മജിയുടെ പേരില്‍ രാജ്യദ്രോഹം ചുമത്തിയത്. ‘പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത ഐ.പി.സിയിലെ രാജകുമാരന്‍’ എന്നായിരുന്നു അദ്ദേഹം ഐ.പി.സി 124 എ യെ കുറിച്ച് പറഞ്ഞത്. അദ്ദേഹം അന്ന് ബ്രിട്ടീഷ് കോടതിയില്‍ സധൈര്യം പറഞ്ഞത് ഇന്നും പ്രസക്തമായി തുടരുന്നു. ‘നിര്‍മിക്കാനോ നിയമപ്രകാരം നിയന്ത്രിക്കാനോ സാധിക്കുന്ന വികാരമല്ല സംതൃപ്തി. ഒരാള്‍ക്ക് ഒരു വ്യക്തിയോടോ സംവിധാനത്തോടോ ഒരു തൃപ്തിയുമില്ലെങ്കില്‍ അയാള്‍ക്ക് അതൃപ്തിയും വിയോജിപ്പും രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. ഒരാള്‍ അക്രമത്തെക്കുറിച്ച് ആലോചിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്തിടത്തോളം കാലം അയാള്‍ക്ക് അസംതൃപ്തിയും വിയോജിപ്പും ആവിഷ്‌കരിക്കാനുള്ള പൂര്‍ണമായ സ്വാതന്ത്ര്യമുണ്ടായിരിക്കണം.’

1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും മൂന്ന് വര്‍ഷം കഴിഞ്ഞ് സ്വന്തമായ ഒരു ഭരണഘടന ഉണ്ടാക്കിയിട്ടും ഈ നിയമം അതേപടി നിലനിര്‍ത്തിയെന്നത് രാജ്യത്തിന് അപമാനകരമായിരുന്നു. ഭരണഘടന നിര്‍മാണവേളയില്‍ പണ്ഡിറ്റ് നെഹ്‌റുവും കെ.എം മുന്‍ഷിയും അടക്കമുള്ള നേതാക്കള്‍ ഇത് ചൂണ്ടിക്കാണിച്ചിരുന്നു. കെ.എം മുന്‍ഷി പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘നൂറ്റമ്പത് വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ മീറ്റിംഗ് നടത്തുന്നതും ഘോഷയാത്ര നടത്തുന്നതും രാജ്യദ്രോഹമായിട്ടാണ് കണക്കാക്കിയിരുന്നത്. ഈ കാഴ്ചപ്പാടിലൂടെയാണ് ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹത്തെ കണ്ടിരുന്നത്. അവരുണ്ടാക്കിയ ഈ നിയമം ജനാധിപത്യ ഇന്ത്യയുടെ പുരോഗമന കാഴ്ചപ്പാടുമായി യോജിക്കുന്നതല്ല. ഭരണകൂടങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന്റെ കാതലായാണ് കാണേണ്ടത്.’ നെഹ്‌റുവിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു: ‘ഐ.പി.സി 124എ അങ്ങേയറ്റം ആക്ഷേപാര്‍ഹവും വെറുപ്പുളവാക്കുന്നതുമാണ്. പ്രായോഗികവും ചരിത്രപരവുമായ കാരണങ്ങളാല്‍ അതിനു യാതൊരു സ്ഥാനവുമില്ല. നിയമങ്ങള്‍ ആവിഷ്‌കരിച്ച് അതില്‍നിന്നും വളരെപ്പെട്ടെന്നു രക്ഷപ്പെടുന്നതാണ് നമുക്ക് നല്ലത്.’ എന്നാല്‍ 124എ അപ്രകാരം നിലനിര്‍ത്തുകയും ഭരണഘടനയില്‍ ആവശ്യമായ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുകയുമാണ് ചെയ്തിരുന്നത്. ‘അഭിപ്രായ സ്വാതന്ത്ര്യം’ മൗലികാവകാശമായി പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ 19ാം അനുച്ഛേദത്തിന്റെ പിറവിക്ക് കാരണമായത് ഈ ചര്‍ച്ചയായിരുന്നു.

നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം രാജ്യദ്രോഹ നിയമത്തിന്റെ മറവില്‍ രാഷ്ട്രീയ പ്രതിയോഗികളെയും വിമര്‍ശകരെയും മുസ്‌ലിം ന്യൂനപക്ഷങ്ങളെയും തുറങ്കലില്‍ അടക്കുന്ന പ്രവണത വര്‍ധിക്കുകയുണ്ടായി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവെയുടെ മേല്‍ രാജ്യദ്രോഹം ചുമത്തിയത് പ്രധാനമന്ത്രിയെ യൂട്യൂബ് ചാനലിലൂടെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു. 2020 ഫിബ്രവരിയില്‍ ഡല്‍ഹിയില്‍ നടന്ന വംശീയ കലാപത്തിലെ മരണങ്ങളും ഭീകരാക്രമണങ്ങളും തിരഞ്ഞെടുപ്പില്‍ വോട്ട് നേടുന്നതിനായി പ്രധാനമന്ത്രി ഉപയോഗിക്കുന്നു എന്നായിരുന്നു വിമര്‍ശനം. സാധാരണഗതിയില്‍ രാഷ്ട്രീയ വിമര്‍ശനമായി ഉയര്‍ന്നുവരുന്ന ആരോപണത്തെ പോലും ഭയന്ന ഫാസിസ്റ്റ് ഭരണകൂടം അദ്ദേഹത്തിന് മേല്‍ 124 എ ചാര്‍ത്തി. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. സര്‍ക്കാരിനെതിരെ കലാപം സൃഷ്ടിക്കാനല്ല, മറിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയാണ് താന്‍ ചെയ്തതെന്ന് പറഞ്ഞ ദുവെയുടെ വിശദീകരണം കോടതി അംഗീകരിക്കുകയായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ലക്ഷദ്വീപ് സാമൂഹിക പ്രവര്‍ത്തക ഐഷ സുല്‍ത്താനയുടെ പേരിലും പിന്നീട് രാജ്യദ്രോഹ കുറ്റം ചുമത്തുകയുണ്ടായി.

60 വര്‍ഷങ്ങള്‍ക്ക്മുമ്പ് 1962ല്‍ കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരിക്കെ സര്‍ക്കാരിനെ വിമര്‍ശിച്ച കേദാര്‍ നാഥ് സിംഗിനെതിരെ ഇതുപോലെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ അന്നും സുപ്രീംകോടതി ആരോപിതന്റെ കൂടെയാണ് നിന്നത്. കോടതിയുടെ നിരീക്ഷണം ഇങ്ങനെ: ‘വിമര്‍ശനങ്ങള്‍ രാജ്യദ്രോഹമല്ല; അത് ഒരു സമൂഹത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്; കലാപങ്ങള്‍ വരുത്തിവെക്കുന്നതും ക്രമസമാധാനം തകര്‍ക്കുന്നതും ഹിംസക്ക് പ്രേരണ നല്‍കുന്നതുമായ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അത് രാജ്യദ്രോഹമാകൂ. ജനങ്ങളെ അക്രമത്തിലേക്ക് നയിക്കുകയും രാജ്യസുരക്ഷ തകര്‍ക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹത്തിന്റെ നിര്‍വചനത്തില്‍ വരില്ല എന്ന വാദം ആരും ഉന്നയിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും നടപടികളെ ശക്തമായി വിമര്‍ശിക്കുകയും വിമര്‍ശനത്തിന് കടുത്ത വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് 124എ യുടെ പരിധിയില്‍ വരുമോ എന്ന വാദമാണ് ഞങ്ങള്‍ക്ക് മുമ്പില്‍ വന്നിട്ടുള്ളത്. വിമര്‍ശനപരമായ വാക്കുകളും സംസാരങ്ങളും ഈ പീനല്‍ സെക്ഷന്റെ പരിധിയില്‍ വരില്ല എന്നാണ് ഞങ്ങളുടെ നിരീക്ഷണം. ഭരണകൂട വിമര്‍ശനങ്ങള്‍ കുറ്റകൃത്യമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുമ്പോള്‍ അടിസ്ഥാന പരിഗണന രാജ്യസുരക്ഷയായിരിക്കണം നല്‍കേണ്ടത്. എന്നാല്‍ അത്തരമൊരു നിയമനിര്‍മ്മാണം മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പരിരക്ഷ ഉറപ്പ് നല്‍കുന്നതായിരിക്കണം. കാരണം ജനാധിപത്യത്തില്‍ രൂപം കൊണ്ട രാജ്യത്തിന്റെ ഭരണഘടനയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് അഭിപ്രായ സ്വാതന്ത്ര്യം.’ ഈ വിധിയെ ചൂണ്ടിക്കാണിച്ചാണ് വിനോദ് ദുവെ സുപ്രീംകോടതിയില്‍ വാദിച്ചത്. അത് കോടതി അംഗീകരിക്കുകയും ചെയ്തു. മഹാത്മജിയെ വധിച്ച ഗോദ്‌സെയെയും ബ്രിട്ടഷുകാര്‍ക്ക് പാദസേവ ചെയ്ത് രാജ്യത്തെ ഒറ്റിക്കൊടുത്ത സവര്‍ക്കറെയും പ്രകീര്‍ത്തിച്ചും പൂജിച്ചും കൊണ്ട് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘ്പരിവാര്‍ പ്രഭൃതികള്‍ ഈ മരവിപ്പിക്കലിനെ അവരുടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയായി സ്വീകരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

Chandrika Web: