X

കെ.കെ രമക്ക് വധഭീഷണിക്കത്ത്; അനങ്ങാതെ സര്‍ക്കാര്‍

കോഴിക്കോട്: കെ.കെ രമ എം.എല്‍.എക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലെത്തിയ കത്തിലെ ഭീഷണി. രമേ, നീ വീണ്ടും കളി തുടങ്ങിയല്ലേയെന്നു തുടങ്ങുന്ന കത്തില്‍ ഏപ്രില്‍ 20 നുള്ളില്‍ പരാതി പിന്‍വലിക്കണമെന്നാണ് ആവശ്യം. വധഭീഷണികത്ത് വന്ന് മണിക്കൂറകള്‍ കഴിഞ്ഞിട്ടും സര്‍ക്കാറോ മറ്റു സംവിധാനങ്ങളോ ഒരു ചെറു അനക്കം പോലും ഇതു വരെ ഇതിനെതിരെ നടത്താന്‍ തയ്യാറായിട്ടില്ല.

സ്പീക്കറുടെ ഓഫീസിന് മുന്നിലെ പ്രതിഷേധത്തിനിടെ സി.പി.എം എം.എല്‍.എമാരുടെയും വാച്ച് ആന്റ് വാര്‍ഡിന്റെയും ആക്രമണത്തില്‍ കെ.കെ രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. പ്ലാസ്റ്ററിട്ടത് നാടകമാണെന്നും പരിക്ക് വ്യാജമാണെന്ന രീതിയില്‍ രമക്കെതിരെ വ്യാജ എക്‌സ് റേ ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ച് സി.പി.എം സൈബര്‍ ആക്രമണവും നടത്തി. ഇതിനെതിരെ ആരോഗ്യ വകുപ്പ് തന്നെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടും സി.പി.എം വേട്ടയാടല്‍ തുടരുകയാണ്. സംഘര്‍ഷമുണ്ടായ ബുധനാഴ്ച രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിന്‍ദേവ് പോസ്റ്റിട്ടിരുന്നു. പിന്നാലെ വ്യാജ പ്രചാരണം നടത്തിയതില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ കെ.കെ രമ സ്പീക്കര്‍ക്കും സൈബര്‍ പൊലീസിനും പരാതി നല്‍കി. സച്ചിന്‍ ദേവിന്റെ പോസ്റ്റാണ് തനിക്കെതിരായ സൈബര്‍ ആക്രമണിത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി. പല സ്ഥലങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ ചേര്‍ത്ത് വ്യാജവാര്‍ത്ത നിര്‍മ്മിച്ച് അപമാനിക്കാന്‍ സച്ചിന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഈ പരാതിയില്‍ സൈബര്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

 

webdesk11: