X

ആയോധ്യയില്‍ ദീപാവലി ആഘോഷങ്ങളുമായി യോഗി; വിമര്‍ശകര്‍ക്ക് “എല്ലാം തന്റെ വിശ്വാസത്തിന്റെ ഭാഗ”മാണെന്ന മറുപടി

പട്‌ന: ആയോധ്യയില്‍ ദീപാവലി ആഘോഷിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഘോഷത്തിനായി അയോധ്യയിലെത്തിയ യോഗിക്ക് സ്വഗതമോതി സരയൂ നദിക്കരയില്‍ 1.75 ലക്ഷം ദീപങ്ങളാണ് കൊളുത്തിയത്.

വളരെ ആര്‍ഭാടം നിറഞ്ഞ ദീപാവലി ആഘോഷത്തിലേക്ക് രാമനും സീതയും എത്തിയതും കൗതുകമായി. സര്‍ക്കാര്‍ ഹെലികോപ്റ്ററിലാണ് രാമ ലക്ഷ്മണമാരുടേയും സീതയുടേയും വേഷം ധരിച്ച കലാകാരന്മാര്‍ എത്തിയത്. ഇവരെ യോഗി മാലയിട്ട് സ്വീകരിക്കുകയും ചെയ്തു.
അതേസമയം അയോധ്യയിലെ യോഗിയുടെ ആഘോഷങ്ങളെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി.
എന്നാല്‍ അയോധ്യയില്‍ നടന്ന ആര്‍ഭാടങ്ങളെല്ലാം തന്റെ വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്ന മറുപടിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നല്‍കിയത്.

‘മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ ജോലിയുടെ ഭാഗമാണിത്. എങ്ങനെയാണ് പ്രതിപക്ഷത്തിന് ഇതില്‍ ഇടപെടാന്‍ സാധിക്കുക. ഇതെല്ലാം തന്റെ വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണ്’, യോഗി മറുപടി നല്‍കി. താന്‍ അയോധ്യയിലെത്തിയത് ദീപാവലി ആഘോഷങ്ങളുടെ സുരക്ഷ വിലയിരുത്താനാണ്. അയോധ്യ ക്ഷേത്രത്തില്‍ താന്‍ സംസ്ഥാനത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടിയാണ് പ്രാര്‍ഥന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ചയാണ് അയോധ്യയില്‍ ആദിത്യനാഥ് ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്കിനും, യുപി ടൂറിസം മന്ത്രി റീത്താ ബഹുഗുണ ജോഷിക്കും ഒപ്പമായിരുന്നു യോഗിയുടെ ആഘോഷം.

chandrika: