X

വീണ്ടും എ.എ.പി മന്ത്രിയുടെ പേരില്‍ സി.ബി.ഐ കേസ്: മോദിയോട് എന്താണ് വേണ്ടതെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി പൊതുമരാമത്ത് വകുപ്പു മന്ത്രി സത്യേന്ദ്ര ജെയിനിന്റെ വസതിയില്‍ നടത്തിയ സി.ബി.ഐ റെയ്ഡില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. പി.ഡബ്ല്യു.ഡിയുടെ പദ്ധതികളിലേക്ക് നടന്ന 24 നിയമനങ്ങളുടെ കരാര്‍ രേഖകള്‍ സുതാര്യമല്ലെന്ന്  ആരോപിച്ചാണ്  സത്യേന്ദ്ര ജെയിനിന്റെ വസതിയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന്  കൂടുതല്‍ അന്വേഷണത്തിനായി മന്ത്രിക്കെതിരെ അന്വേഷണസഘം കേസ് രജിസ്റ്റര്‍ ചെയ്തു.

ഇതിനു മുമ്പും സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സത്യേന്ദ്ര ജെയിനിനെതിരെ ഉണ്ടായിട്ടുണ്ട്. ജെയിനിന്റെ മകളായ സൗമ്യ ജെയിനിനെ ഡല്‍ഹി സര്‍ക്കാറിന്റെ മൊഹല്ല ക്ലിനിക്ക് പ്രൊജക്ടിന്റെ ഉപദേഷ്ടാവായി നിയമിച്ചതില്‍ ക്രമക്കേട് നടന്നു എന്നു പറഞ്ഞായിരുന്നു ജെയിനെതിരെ സി.ബി.ഐ അന്വേഷണം. അവസാനം ഈ കേസില്‍ തെളിവില്ലെന്നുകണ്ട് കേസ് അവസാനിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് വീണ്ടും മറ്റൊരു കേസിന്റെ പേരില്‍ ജെയിനിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്.

 

റെയ്ഡ് നടക്കുന്ന വിവരം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മന്ത്രി ജെയിന്‍ പുറത്തുവിട്ടതോടെയാണ് മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയത്. എന്താണ് മോദിയ്ക്ക് വേണ്ടത്? എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. മൊഹല്ല ക്ലിനിക്ക് പ്രൊജക്ടിന്റെ ഉപദേഷ്ടാവായി നിയമനതില്‍ മന്ത്രി സത്യേന്ദ്ര ജെയിന്‍ കുറ്റക്കാരനല്ലയെന്ന് കണ്ട് കേസ് അവസാനിപ്പിച്ച തൊട്ടടുത്ത ദിവസം വീണ്ടും മറ്റൊരു ആരോപണവുമായി മന്ത്രിയെ കള്ളകേസില്‍ കുടുക്കാനുള്ള ശ്രമമാണ് കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്നതെന്നാണ് പുതിയ നടപടിയെന്നാണ് എ.എ.പിയുടെ ആരോപണം.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടേയും ചില സ്വകാര്യ വ്യക്തികളുടേയും വസതികളടക്കം അഞ്ചിടങ്ങളില്‍ക്കൂടി റെയ്ഡ് നടക്കുമെന്ന് സി.ബി.ഐ സ്ഥിരീകരിച്ചിട്ടുണ്ട്. മൊഹല്ല ക്ലിനിക്കുള്‍പ്പടെയുള്ള പി.ഡബ്ല്യു.ഡിയുടെ പദ്ധതികളിലേക്ക് നടന്ന 24 നിയമനങ്ങളുടെ കരാര്‍ രേഖകള്‍ സുതാര്യമല്ലെന്നാണ് സി.ബി.ഐയുടെ വാദം.

chandrika: