X
    Categories: indiaNews

ഡൽഹിയിലെ മെഹ്റോളിയിൽ തകർത്ത പള്ളിയിൽ പ്രാർത്ഥനക്ക് അനുമതി നിഷേധിച്ച് ഡൽഹി ഹൈക്കോടതി

ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ തകര്‍ത്ത അഖൂന്ദ്ജി മസ്ജിദില്‍ ബറാത്ത് ദിനവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നല്‍കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ബറാഅത്ത് രാവില്‍ മുസ്ലിംകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങള്‍ക്കും പൂര്‍വികര്‍ക്കും പാപമോചനം തേടി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കാറുണ്ട്.

ഡല്‍ഹി വഖഫ് ബോര്‍ഡിന് കീഴിലുള്ള പരിപാലന കമ്മിറ്റിയാണ് ഹരജി നല്‍കിയത്. നിലവില്‍ ഡല്‍ഹി നഗരവികസന അതോറിറ്റിയുടെ (ഡി.ഡി.എ) കൈവശമുള്ള ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവുണ്ടെന്ന് ജസ്റ്റിസ് പുരുഷേന്ദ്ര കുമാര്‍ ഖോരവ് ചൂണ്ടിക്കാട്ടി.
600 വര്‍ഷം പഴക്കമുള്ള പള്ളി അനധികൃത കയ്യേറ്റമെന്നാരോപിച്ച് ഡി.ഡി.എ പൊളിച്ചുമാറ്റിയ പരാതിയുടെ ഭാഗമായാണ് പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതിനുള്ള ഹരജി നല്‍കിയത്.

സമീപത്തെ കല്ലറയില്‍ ബന്ധുക്കളെ അടക്കം ചെയ്തിട്ടുള്ള വിശ്വാസികള്‍ക്ക് ബറാഅത്ത് രാവില്‍ പ്രാര്‍ത്ഥന നടത്തുവാന്‍ അനുവാദം നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയില്‍ കുറേ വര്‍ഷങ്ങളായി പ്രാര്‍ത്ഥന നടന്നുവരുന്നുണ്ടെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

പള്ളി പൊളിച്ചുമാറ്റിയ കേസില്‍ മാര്‍ച്ച് എഴിലേക്ക് വിധി പറയാന്‍ മാറ്റിവെച്ച സാഹചര്യത്തില്‍ ഇപ്പോള്‍ മറ്റ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് അപേക്ഷ തള്ളുകയാണെന്നും കോടതി പറഞ്ഞു. ജനുവരി 30നാണ് സഞ്ജയ് വനഭൂമിയിലെ അനധികൃത നിര്‍മിതിയെന്ന് ആരോപിച്ച് ഡി.ഡി.എ അഖൂന്‍ജി മസ്ജിദും ബെഹ്റുല്‍ ഉലൂം മദ്രസയും പൊളിച്ചുമാറ്റിയത്.

webdesk13: