X

ഇദ്ദ കാലത്തെ വിവാഹം സാധുവെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ഇദ്ദ കാലയളവില്‍ (വിവാഹ ബന്ധം വേര്‍പെടുത്തുകയോ ഭര്‍ത്താവ് മരണപ്പെടുകയോ ചെയ്താലുള്ള മുസ്്‌ലിം സ്ത്രീകളുടെ കാത്തിരിപ്പ് കാലം) നടക്കുന്ന മുസ്്‌ലിം സ്ത്രീകളുടെ പുനര്‍ വിവാഹത്തിന് നിയമ സാധുതയുണ്ടെന്ന് ഡല്‍ഹി കോടതി. ഡല്‍ഹി സ്വദേശിനിയായ യുവതി രണ്ടാം ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

യുവതിയുമായുള്ള തന്റെ വിവാഹം ഇസ്്‌ലാമിക നിയമം അനുസരിച്ച് നിലനില്‍ക്കില്ലെന്ന ഭര്‍ത്താവിന്റെ വാദം കോടതി തള്ളി. ഇസ്്‌ലാമിക നിയമം അനുസരിച്ച് പുനര്‍ വിവാഹിതയാകും മുമ്പ് സ്ത്രീകള്‍ മൂന്ന് മാസം ഇദ്ദ കാലം അനുഷ്ഠിക്കണം. ഇക്കാലയളവില്‍ പുനര്‍ വിവാഹം അനുവദിക്കപ്പെട്ടിട്ടില്ല. അഥവാ വിവാഹിതരായാല്‍ അതിന് നിയമ സാധുതയുണ്ടാകില്ലെന്നുമായിരുന്നു രണ്ടാം ഭര്‍ത്താവിന്റെ വാദം. എന്നാല്‍ ഇദ്ദ കാലയളവ് പൂര്‍ത്തിയാക്കാതെയാണ് പരാതിക്കാരി പുനര്‍വിവാഹിതയായതെങ്കിലും അതിന് സാധുതയുണ്ടെന്നായിരുന്നു കോടതിയുടെ നിലപാട്്. പരാതിക്കാരുടെ വാദത്തില്‍ മതിയായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡിലെ കോള്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയില്‍ ജീവനക്കാരനായ രണ്ടാം ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. 10 ലക്ഷം രൂപ നഷ്ടപരിഹാരവും ജീവനാംശവും ആവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.

chandrika: