X
    Categories: indiaNews

ഞങ്ങളല്ല, ഡല്‍ഹി പൊലീസാണ് വഴിയടച്ചത്; ഷാഹീന്‍ബാഗ് പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: ഷാഹീന്‍ബാഗില്‍ വഴി മുടക്കിയ പ്രതിഷേധം നടന്നുവെന്ന സുപ്രിം കോടതി പരാമര്‍ശത്തിനെതിരെ പ്രതിഷേധക്കാര്‍. തങ്ങള്‍ ആരുടെയും വഴിയടച്ചില്ല എന്നും ഡല്‍ഹി പൊലീസാണ് റോഡുകള്‍ ബ്ലോക്കു ചെയ്തത് എന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൊതുവഴികള്‍ ബ്ലോക് ചെയ്തുള്ള സമരങ്ങള്‍ക്കെതിരെ സുപ്രിംകോടതി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധക്കാരുടെ വിശദീകരണം.

‘ഞങ്ങള്‍ ഭരണഘടന സംരക്ഷിക്കാനാണ് ഇരുന്നത്. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകാത്തതു കൊണ്ടാണ് പ്രതിഷേധം നീണ്ടു പോയത്. തൊണ്ണൂറ്റിയഞ്ചു വയസ്സുള്ള മുത്തശ്ശി മുതല്‍ 20 ദിവസം പ്രായമുള്ള കൈക്കുഞ്ഞു വരെ, എല്ലാവരും രണ്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ പ്രതിഷേധമിരുന്നു. ആരും ഞങ്ങളെ കേട്ടില്ല’ – പ്രതിഷേധക്കാരില്‍ ഒരാളായ കനിസ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഡല്‍ഹി പൊലീസ് മനഃപൂര്‍വ്വം വഴിയടക്കുകയായിരുന്നു എന്ന് ഷാഹിന്‍ബാഗ് പ്രതിഷേധത്തിന്റെ മുഖമായ 82കാരി ബില്‍ക്കീസ് ദാദി പറഞ്ഞു.

‘ഞങ്ങള്‍ റോഡിന്റെ ഒരുഭാഗത്ത് ഇരിക്കുകയായിരുന്നു. മറുഭാഗം ഡല്‍ഹി പൊലീസ് അനാവശ്യമായി മനഃപൂര്‍വ്വം ബ്ലോക്ക് ചെയ്യുകയായിരുന്നു. സ്‌കൂള്‍ വാനുകള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് സഞ്ചരിക്കാന്‍ ഞങ്ങള്‍ സൗകര്യമൊരുക്കിയിരുന്നു- ബില്‍ക്കീസ് ദാദി വ്യക്തമാക്കി.

പിന്നെ ഞങ്ങള്‍ എവിടെപ്പോയി ശബ്ദമുയര്‍ത്തണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത സര്‍വരി ദാദി ചോദിച്ചു. ഞങ്ങളുടെ വികാരം ഉപോയഗിച്ച് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാനായിരുന്നു സര്‍ക്കാറിന്റെ ശ്രമമെന്ന് മറ്റൊരു പ്രതിഷേധക്കാരി ഹെന പറഞ്ഞു.

Test User: