X

മോദിയുടെ നോട്ടു നിരോധനം ആര്‍.ബി.ഐ മുന്നറിയിപ്പ് അവഗണിച്ചെന്ന്; സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കടുത്ത വിയോജിപ്പ് മറികടന്നാണ് മോദി സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍.ബി. ഐ മുന്നറിയിപ്പ് നല്‍കിയിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് പുറത്തുവന്നു. ഇപ്പോഴത്തെ ആര്‍.ബി.ഐ ഗവര്‍ണറും മോദി സര്‍ക്കാറിലെ ധനകാര്യ സെക്രട്ടറിയുമായിരുന്ന ശക്തികാന്ത ദാസ് ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ആര്‍.ബി. ഐ ബോര്‍ഡ് യോഗമാണ് നോട്ടു നിരോധന നിര്‍ദേശത്തെ എതിര്‍ത്തത്.

നോട്ടു നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടിന് വൈകീട്ട് 5.30നാണ് ആര്‍.ബി.ഐ ബോര്‍ഡ് യോഗം ചേര്‍ന്നത്. എന്നാല്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം പോലും അറിയാന്‍ കാത്തു നില്‍ക്കാതെ രണ്ടര മണിക്കൂറിനു ശേഷം, അന്നുതന്നെ രാത്രി എട്ടു മണിക്ക് മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി നോട്ടു നിരോധനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഇതു കഴിഞ്ഞ് രണ്ടാഴ്ചയോളം കഴിഞ്ഞാണ് ബോര്‍ഡ് യോഗ തീരുമാനം കേന്ദ്രത്തെ ഔദ്യോഗികമായി അറിയിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

വിവരാവകാശ നിയമപ്രകാരം വെങ്കിടേശ് നായക് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ബോര്‍ഡ് യോഗത്തിന്റെ വിശദാംശങ്ങളും മിനുട്‌സിന്റെ പകര്‍പ്പും ആര്‍.ബി.ഐ പുറത്തുവിട്ടത്. പുറത്തുവന്ന വിവരങ്ങള്‍ സത്യമാണെന്ന് ആര്‍.ബി. ഐ കേന്ദ്രങ്ങള്‍ ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

കള്ളപ്പണം തടയുന്നത് ഉള്‍പ്പെടെ ആറ് ന്യായങ്ങളാണ്, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐക്ക് മുന്നില്‍ നിരത്തിയിരുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം ആര്‍.ബി.ഐ തള്ളിക്കളഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് മിനുട്്‌സ് രേഖകള്‍. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍.ബി.ഐ മുന്നറിയിപ്പു നല്‍കിയിരുന്നു. കള്ളപ്പണ നിക്ഷേപത്തിന്റെ സിംഹ ഭാഗവും കറന്‍സിയായല്ല, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ നിക്ഷേപം എന്നീ രുപങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്നുമുള്ള വാദമാണ് ആര്‍.ബി.ഐ ബോര്‍ഡ് ഉയര്‍ത്തിയത്. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വാദം ആര്‍.ബി.ഐ ബോര്‍ഡിലെ ചില അംഗങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മാത്രമല്ല, നോട്ടു നിരോധനം സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകുമെന്നും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും ആര്‍.ബി. ഐ ബോര്‍ഡ് യോഗം മുന്നറിയിപ്പു നല്‍കിയിരുന്നു. നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള്‍ മൊത്തം പണത്തിന്റെ 86 ശതമാനമാണ് കറന്‍സി രൂപത്തില്‍ വിപണിയിലുണ്ടായിരുന്നത്. ഇവ ഒരുമിച്ച് പിന്‍വലിക്കപ്പെടുമ്പോള്‍ സമ്പദ് വ്യവസ്ഥയില്‍ നേരിടാന്‍ ഇടയുള്ള പ്രതിസന്ധിയാണ് ആര്‍.ബി. ഐ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ മുന്നറിയിപ്പും മോദി സര്‍ക്കാര്‍ അവഗണിച്ചു. പൊതുതാല്‍പര്യം കണക്കിലെടുത്ത് നോട്ടു നിരോധനത്തിന് അനുമതി നല്‍കുന്നതായി ബോര്‍ഡ് യോഗ തീരുമാനമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ പൊതുതാല്‍പര്യം എന്തെന്ന് രേഖകളില്‍ വ്യക്തമല്ല. ഫലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ആര്‍.ബി. ഐ മുട്ടു മടക്കുകയായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുകയും ചെയ്ത ഉടനെയാണ് നോട്ടു നിരോധനം പ്രഖ്യാപിച്ചത്.

ഇതിനു ആറു മാസം മുമ്പുതന്നെ നോട്ടു നിരോധനം സംബന്ധിച്ച വിഷയത്തില്‍ ആര്‍.ബി. ഐയും കേന്ദ്രസര്‍ക്കാറും തമ്മില്‍ ആശയ വിനിമയങ്ങള്‍ തുടര്‍ന്നിരുന്നതായി വിവരാവകാശ മറുപടിയില്‍ വ്യക്തമാണ്. രഘുറാം രാജന്റെ എതിര്‍പ്പാണ് അതുവരെ നോട്ടു നിരോധനം നടപ്പാക്കാന്‍ കേന്ദ്രത്തിനു തടസ്സമായതെന്ന സൂചന നല്‍കുന്നതാണിത്. നോട്ടു നിരോധനത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് രഘുറാം രാജന്‍ പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം ആര്‍ബിഐയുടെ അംഗീകാരം പോലും നേടാതെ മോദി നടത്തിയ നോട്ടുനിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. നോട്ടു നിരോധനം ഓര്‍ക്കുക എന്ന ട്വിറ്റര്‍ ഹാഷ്ടാഗ് രാജ്യത്ത് ട്രെന്റായി. രാജ്യത്ത് വന്‍ ദുരിതം വിതച്ച നോട്ടു നിരോധന കാലത്തെ ദൃശ്യങ്ങളും ഓര്‍മ്മകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമായി ഉയര്‍ന്നു.

chandrika: