X

നോട്ട് നിരോധനം നടുവൊടിച്ചെന്ന് എ.ഐ.എം.ഒ പഠനം

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചെന്ന് എ.ഐ.എം.ഒയുടെ പഠനം. ഡിസംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം നോട്ട് നിരോധനം വഴി രാജ്യത്ത് 35 ശതമാനം തൊഴില്‍ നഷ്ടം നേരിട്ടതായി പഠനം പറയുന്നു. ചെറുകിട ഉത്പാദക, വ്യവസായ, കയറ്റുമതി മേഖലകളിലായി 50 ശതമാനം റവന്യൂ നഷ്ടവുമുണ്ടായി. 2017 മാര്‍ച്ച് 31 ആകുമ്പോഴേക്ക് തൊഴില്‍ നഷ്ടം 60 ശതമാനവും വരുമാന നഷ്ടം 55 ശതമാനവും ആയി ഉയരുമെന്നും ആള്‍ ഇന്ത്യ മാനുഫാക്ച്വറേഴ്‌സ് ഓര്‍ഗനൈസേഷന്‍(എ.ഐ.എം.ഒ) നടത്തിയ പഠനം പറയുന്നു.

രാജ്യത്തെ മൂന്ന് ലക്ഷത്തിലധികം മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ ഉദ്പാദക, കയറ്റുമതി സംഘങ്ങളെ പ്രതിനിധികീരിക്കുന്ന സംഘടനയാണ് എ.ഐ.എം.ഒ.
നോട്ട് നിരോധനത്തിന്റെ ആഘാതവുമായി ബന്ധപ്പെട്ട് എ.ഐ.എം.ഒ പുറത്തുവിടുന്ന മൂന്നാമത്തെ പഠന റിപ്പോര്‍ട്ടാണിത്. നാലാമത്തെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നോട്ട് നിരോധനം പോലുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. അതിനെ മുന്‍കൂട്ടി കാണാനോ മുന്നൊരുക്കം നടത്താനോ കഴിയില്ല. എന്നാല്‍ ആഘാതത്തില്‍നിന്ന് വിപണിയെ കരകയറ്റാന്‍ ശക്തമായ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. വ്യവസായ മേഖല നോട്ടു നിരോധനത്തെതുടര്‍ന്ന് ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. ചെറുകിട, ഇടത്തരം സംരംഭങ്ങളേയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ മേഖലയില്‍ മാത്രം 35 ശതമാനം തൊഴില്‍ നഷ്ടവും 45 ശതമാനം റവന്യൂ നഷ്ടവുമുണ്ടായി. മാര്‍ച്ച് മാസത്തോടെ ഇത് വീണ്ടും ഉയരും.

കയറ്റുമതി ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ കമ്പനികളെ ഉള്‍പ്പെടെ തീരുമാനം പ്രതികൂലമായി ബാധിച്ചു. 30 ശതമാനം തൊഴില്‍ നഷ്ടവും 40 ശതമാനം റവന്യൂ നഷ്ടവുമാണ് ഈ മേഖലയില്‍ ഉണ്ടായത്. മാര്‍ച്ച് മാസത്തോടെ ഇത് യഥാക്രമം 35, 45 ശതമാനമായി ഉയരും.
പണമൊഴുക്ക് നിലച്ചത്, പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരുന്നത്, ജീവനക്കാരുടെ കുറവ്, രൂപയുടെ മൂല്യമിടിവ്, പദ്ധതി നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നതില്‍ ബാങ്ക് ജീവനക്കാരുടെ കഴിവുകേട്, റിയല്‍ എസ്റ്റേറ്റ് മേഖല താളം തെറ്റിയത്, വിദേശ നിക്ഷേപകരില്‍ ഉടലെടുത്ത ഭയം, മുന്നൊരുക്കങ്ങളിലെ പാളിച്ച,

ജി.എസ്.ടി സംബന്ധിച്ച അനിശ്ചിതത്വം തുടങ്ങിയ കാരണങ്ങളാണ് വ്യവസായ ഉത്പാദന മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സംഘടന രൂപം നല്‍കിയ വിദഗ്ധ സമിതിയാണ് പഠനം നടത്തിയതെന്ന് എ.ഐ.എം.ഒ ദേശീയ പ്രസിഡണ്ട് കെ.ഇ രഘുനാഥന്‍ പറഞ്ഞു. വ്യവസായ മേഖലയില്‍നിന്നുള്ളവര്‍, വിപണി വിദഗ്ധര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍, അഭിഭാഷകര്‍ എന്നിവരടങ്ങിയതായിരുന്നു പഠന സംഘം. മൂന്ന് പഠന റിപ്പോര്‍ട്ടുകളും കേന്ദ്ര ധനമന്ത്രാലയത്തിനും വാണിജ്യ മന്ത്രാലയത്തിനും കൈമാറിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും രഘുനാഥന്‍ ആരോപിച്ചു.

chandrika: