X

ഡി.എൽ.എഡ് അറബിക്കിന്റെ പട്ടിക പ്രസിദ്ധീകരിക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്

ഡി.എൽ.എഡ് അറബിക് വിഭാഗത്തിൽ പ്രവേശനം നേടിയവരുടെ പട്ടിക പുറത്തു വിടാതെ പൊതുവിദ്യാഭ്യാസ വകുപ്പ്. ഡി.എൽ.എഡ് ജനറൽ, ഹിന്ദി, ഉർദു, സംസ്കൃതം എന്നീ വിഭാഗത്തിന്റെ പട്ടിക പ്രസിദ്ധീകരിച്ചിട്ടും അറബിക് വിഭാഗത്തിന്റെ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ വലിയ അമാന്തതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത്. പ്രവേശന നടപടികൾ വൈകിപ്പിക്കുന്നത് കാരണം ഒരേ സമയം തീരേണ്ട അധ്യാപക പരിശീലന കോഴ്സിന്റെ പഠന കാലാവധി വ്യത്യസ്ത സമയങ്ങളിലായാണ് അവസാനിക്കുന്നത്. ഇക്കാരണത്താൽ ഉപരിപഠനം ലക്ഷ്യം വെക്കുന്ന വിദ്യാർഥികൾക്ക് കരിയറിൽ ഒരു കൊല്ലം നഷ്ടമാവുകയും ചെയ്യുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അമാന്തത കാരണം നഷ്ടം സഹിക്കേണ്ടിവരുന്നത് വിദ്യാർഥികളാണ്.

മുൻ വർഷം ഡി.എൽ.എഡ് ജനറൽ വിഭാഗത്തിന്റെയും ഭാഷാ വിഭാഗത്തിന്റെയും പ്രവേശനം ഒരേ കാലയളവിൽ പൂർത്തിയാക്കിയെങ്കിലും മുന്നോട്ടു പോകുമ്പോൾ പരീക്ഷാ സമയങ്ങളിലോ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിലോ കൃത്യസമയം പാലിക്കുന്നില്ല. ജനറൽ വിഭാഗത്തിന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ ഭാഷാ വിഭാഗത്തിന്റെ പരീക്ഷാഫലം വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പരീക്ഷാഭവനിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ മറുപടിയും ലഭിക്കുന്നില്ല. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പരിശീലന കോഴ്സ് ഇത്ര അലക്ഷ്യമായിട്ടാണോ നടത്തുന്നതെന്ന ചോദ്യവും ഉയരുന്നു. വളരെ പ്രാധാന്യമർഹിക്കുന്ന പ്രൈമറി തലത്തിലെ അധ്യാപക പരിശീലന കോഴ്സ് നടത്തുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ബന്ധപ്പെട്ടവരുടെ ആവശ്യം.

പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം നേരിടുന്നത് കൂടുതൽ അപേക്ഷ വന്നത് കാരണമാണെന്നാണ് ഡി പി.ഐയിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ആധുനിക കാലത്ത് ഏകജാലകത്തിന് പുറമെ മറ്റ് വലിയ സാങ്കേതിക വിദ്യ സ്വകാര്യ സ്ഥാപനങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുമ്പോഴും സർക്കാർ ഇപ്പോഴും തുടരുന്നത് ഓഫ്‌ലൈൻ മാർഗമാണ്. ഇത് അവസാനിപ്പിച്ച് വിദ്യാഭ്യാസ മേഖലയിലെ നടപടികൾ കാലികമാക്കുന്നതിലൂടെ പരിഹാരം സുതാര്യമായി കാണാനാകും.

webdesk13: