X

സംസ്ഥാനത്തെ 42 കേസുകളിലും യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പി; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 42 കേസുകളിലും യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. യു.എ.പി.എ ചുമത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടില്‍ ഡി.ജി.പി ഉന്നയിക്കുന്നുണ്ട്. ഡി.ജി.പി അധ്യക്ഷനായ സമിതിയുടെ പരിശോധനയിലാണ് ഇത് വ്യക്തമായത്. 42 കേസുകളില്‍ യു.എ.പി.എ ഒഴിവാക്കാനായി കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കും.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള യു.എ.പി.എ നിയമം പോലീസ് ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പുന:പരിശോധിച്ചത്. പരിശോധിച്ച 162കേസുകളില്‍ 42കേസുകളിലും ഇത് നിലനില്‍ക്കില്ല. പാലക്കാട്, എറണാംകുളം, വയനാട് ജില്ലകളില്‍ നിന്നുള്ളവരിലാണ് കൂടുതല്‍ യു.എ.പി.എ ചുമത്തിയിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായവരും, തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ ഒട്ടിച്ചവരുമെല്ലാം യു.എ.പി.എ ചുമത്തിയവരില്‍ ഉള്‍പ്പെടുന്നു.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ചുമത്തിയ കേസുകള്‍ വിവാദമായിരുന്നു. യു.എ.പി.എ ചുമത്തുന്നത് ഈ സര്‍ക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.

chandrika: