X

നിയമം കൈയിലെടുക്കരുത്; തെരുവുനായ്ക്കളെ കൊല്ലുന്നത് ശിക്ഷാര്‍ഹം, ഡിജിപിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ വിഷയത്തില്‍ പൊതുജനം നിയമം കൈയിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിജിപി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമാണെന്നും ഇത്തരം നടപടികൡ നിന്ന് പിന്തിരിപ്പിക്കാന്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും ഡിജിപി വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശപ്രകരമാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരം തെരുവുനായ്ക്കളെ കൊല്ലുന്നതും വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതും തടവുംപിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഓരോ എസ്എച്ച്ഒമാരും റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവല്‍ക്കരണം നടത്തണമെന്നും ഡിജിപി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് ഇന്നു നടക്കും. വൈകിട്ട് മൂന്നു മണിക്കാണ് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിഷയം പരിഗണിക്കുന്നത്. നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Chandrika Web: