X
    Categories: MoreViews

ഡിജിറ്റല്‍ ഇന്ത്യ ചാണകത്തിനും പശുവിനും വഴിമാറിയെന്ന് അഖിലേഷ്

ലക്‌നോ: രാജ്യത്തെ ജനങ്ങളെ നെടുകെ പിളര്‍ത്തുന്നതില്‍ ബി.ജെ.പിയോളം മിടുക്ക് മറ്റാര്‍ക്കുമില്ലെന്ന് മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്.
ഇത് യു.പിയിലും ഗുജറാത്തിലും ബംഗാളിലുമടക്കം എല്ലായിടത്തും കാണാമെന്നും വികസനത്തിന്റെ പേരില്‍ യു.പിയില്‍ യോഗി സര്‍ക്കാര്‍ വിദ്വേഷം പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എസ്.പി സര്‍ക്കാറിന്റെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയാണ് യോഗി സര്‍ക്കാറിന്റെ ഇപ്പോഴത്തെ പ്രധാന പരിപാടിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഞങ്ങളെ ജാതിപ്പാര്‍ട്ടിയെന്ന് ബി.ജെ.പി കളിയാക്കാറുണ്ട്. എന്നാല്‍ ജാതി പറഞ്ഞ് ഹിന്ദു മുസ്്‌ലിം ഭിന്നത ഞങ്ങള്‍ ഉണ്ടാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടേയോ മതത്തിന്റേയോ പേരില്‍ തങ്ങള്‍ വോട്ട് ചോദിച്ചിട്ടില്ല.
നിലവിലെ സര്‍ക്കാറിന്റെ ഏക വികസനം വിദ്വേഷം പരത്തല്‍ മാത്രമാണ്. അതേ സമയം സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് പാര്‍ട്ടി അധികാരത്തില്‍ നിന്നും മാറിയതോടെ കുടുംബ പ്രശ്‌നങ്ങളും അവസാനിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ വീണ്ടും ഉദ്ഘാടനം ചെയ്യുകയെന്നത് ആദിത്യനാഥ് സര്‍ക്കാറില്‍ മാത്രം കാണുന്ന പ്രതിഭാസമാണെന്നും അദ്ദേഹം പരിഹസിച്ചു. സ്വന്തമായി എന്തെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം ജനങ്ങളോട് ബി.ജെ.പി തുറന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് സംസാരിച്ചിരുന്നവരൊക്കെ ഇപ്പോള്‍ ചാണകത്തെ കുറിച്ചും പശുവിനെ കുറിച്ചുമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

chandrika: