X

ജാമ്യമില്ല; ദിലീപിനു മുന്നില്‍ ഇനി രണ്ടു വഴികള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഇനി ദിലീപിന് മുന്നില്‍ രണ്ടുവഴികള്‍ മാത്രമാണുള്ളത്. ജാമ്യം ലഭിക്കാനായി സുപ്രീംകോടതിയെ സമീപിക്കുകയാണ് ഒന്നാമത്തെ വഴി. എന്നാല്‍ ഇത് പെട്ടെന്ന് വേണ്ടെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ദിലീപിനെതിരെ സര്‍ക്കാരിന്റെ ശക്തമായ വാദങ്ങള്‍ നിലനില്‍ക്കെ സുപ്രീംകോടതിയെ ഇപ്പോള്‍ സമീപിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് നിരീക്ഷണം.

ദിലീപ് പ്രമുഖനാണ്. അഭിനയം, നിര്‍മ്മാണം, വിതരണം എന്നിവ ചെയ്യുന്നയാളുമാണ്. കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ സാക്ഷികളും സിനിമാമേഖലയില്‍ നിന്നുമുള്ളവരുമാണ്. ഈ സാഹചര്യത്തില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ അത് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതിയും ആവര്‍ത്തിക്കുമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കേസിലെ മുഖ്യതെളിവായ മൊബൈല്‍ഫോണ്‍ കണ്ടെത്തുന്നതും, മാനേജര്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യുന്നതും നീളുകയാണെങ്കില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീളും. ഈ സാഹചര്യത്തില്‍ റിമാന്‍ഡ് വൈകുന്നുവെന്ന് കാണിച്ച് ദിലീപിന് വിചാരണക്കോടതിയെ തന്നെ ജാമ്യത്തിനായി സമീപിക്കാം. കേസന്വേഷണത്തില്‍ പുരോഗതിയില്ലെന്നും റിമാന്‍ഡ് നീളുന്നത് നീതിനിഷേധമാണെന്നും ചൂണ്ടിക്കാട്ടിയാല്‍ അത് അനുകൂലമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് ഇപ്പോഴൊന്നും നടക്കുകയുമില്ല. അതിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. പോലീസ് കസ്റ്റഡിയില്‍ വാങ്ങാത്ത സാഹചര്യത്തില്‍ റിമാന്‍ഡ് തുടരാനാണ് സാധ്യത.

chandrika: