X

നടിയെ ആക്രമിക്കാന്‍ ഒന്നരകോടി, പിടിക്കപ്പെട്ടാല്‍ മൂന്ന് തരാമെന്ന് ദിലീപ്; മൊബൈല്‍ഫോണ്‍ എവിടെയെന്ന് കോടതി?

കൊച്ചി: നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ എവിടെയെന്ന് ഹൈക്കോടതി. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങളാണ് നടത്തിയിരിക്കുന്നത്. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയിലെത്തുന്നത്.

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ഫോണ്‍ എവിടെയെന്ന് ചോദിച്ച കോടതിയോട് ഫോണ്‍ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. നടിയെ ആക്രമിക്കാന്‍ ദിലീപ് ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് നല്‍കിയതെന്ന് പോലീസ് കോടതിയെ അറിയിച്ചു. പിടിക്കപ്പെടുകയാണെങ്കില്‍ മൂന്ന് കോടി നല്‍കാമെന്നും ദിലീപ് സുനിക്ക് വാഗ്ദാനം നല്‍കി. ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കേസിലെ പത്താംപ്രതി ദിലീപാണ് ക്വട്ടേഷന് പിന്നിലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പോലീസ് വാദിച്ചു. കേസിലെ നിര്‍ണ്ണായക സാക്ഷിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തി. സിനിമാമേഖലയില്‍ നിന്നുള്ള പ്രമുഖര്‍ ഇതിന് കൂട്ടു നില്‍ക്കുകയും ചെയ്തുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. കേസില്‍ നാലുപേരുടെ മൊഴി ഇനിയും രേഖപ്പെടുത്താനുണ്ട്. ഫോറന്‍സിക് പരിശോധനഫലം ലഭിക്കണമെന്നും അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും പോലീസ് പറഞ്ഞു.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

അതേസമയം, റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഇന്ന് ഹാജരാക്കും. കഴിഞ്ഞ ദിവസം സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഈ സാഹചര്യത്തില്‍ സുനിയുടെ റിമാന്‍ഡ് നീട്ടുന്ന നടപടിക്രമം മാത്രമാകും അങ്കമാലി കോടതിയില്‍ നടക്കുക.

chandrika: