X
    Categories: CultureMoreViews

അഫ്ഗാന്‍ ഭരണകൂടവും താലിബാനും ചര്‍ച്ചയിലെന്ന് യു.എസ്

കാബൂള്‍: വെടനിര്‍ത്തല്‍ സംബന്ധിച്ച് അഫ്ഗാന്‍ ഭരണകൂടവും താലിബാനും രഹസ്യ ചര്‍ച്ചകള്‍ നടത്തിയതായി അമേരിക്കന്‍ സേന. വിദേശ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സാന്നിദ്ധ്യത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്നും അഫ്ഗാനിസ്താനിലെ യു.എസ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സന്‍ അറിയിച്ചു. കൂടിയാലോചനകളില്‍ ആരെല്ലാമാണ് പങ്കെടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. താലിബാന്റെ ഉന്നതരും ഇടത്തരക്കാരുമായ നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് നിക്കോള്‍സന്‍ സമ്മതിച്ചു.

ഫെബ്രുവരിയില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയാണ് ആദ്യമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചത്. തുടക്കത്തില്‍ താലിബാന്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല. വെടിനിര്‍ത്തലിന് സമ്മതിക്കുകയും ഭരണഘടന അംഗീകരിക്കുകയും ചെയ്യുകയാണെങ്കില്‍ താലിബാനെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാമെന്ന് ഗനി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹെല്‍മന്ദ് പ്രവിശ്യയില്‍ താലിബാനെതിരെയുള്ള വ്യോമാക്രണങ്ങളില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായി യു.എസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അക്രമവും ചര്‍ച്ചയും ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ തെറ്റില്ലെന്നും കൊളംബിയന്‍ ആഭ്യന്തര യുദ്ധത്തെ സൂചിപ്പിച്ചുകൊണ്ട് നിക്കോള്‍സന്‍ പറഞ്ഞു. കൊളംബിയയില്‍ അമ്പത് വര്‍ഷം നീണ്ട ആഭ്യന്ത യുദ്ധം സമാധാന കരാറില്‍ കലാശിച്ചിരുന്നു. 2014ല്‍ വിദേശ സേന യുദ്ധനടപടികളില്‍നിന്ന് പിന്മാറിയ ശേഷം അഫ്ഗാനിസ്താന്റെ വലിയൊരു ഭാഗം താലിബാന്റെ നിയന്ത്രണത്തില്‍ വന്നിട്ടുണ്ട്. 15 ദശലക്ഷം പേര്‍ (ജനസംഖ്യയുടെ പകുതി) താലിബാന്‍ നിയന്ത്രിത പ്രദേശങ്ങളിലാണാണെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. തലസ്ഥാനമായ കാബൂളിലും മറ്റും താലിബാന്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: