X

സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ച;യു.ഡി.എഫ് കലക്‌ട്രേറ്റ് ധര്‍ണയില്‍ പ്രതിഷേധമിരമ്പും

കോഴിക്കോട്: സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നാലിന് വെള്ളിയാഴ്ച കോഴിക്കോട് കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന്് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാഅക്രമങ്ങളും സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും മൂലം സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കൊലപാതകവും അക്രമങ്ങളും നിത്യസംഭവമായി മാറി. ക്രമസമാധാനത്തിന് ചുമതലയുള്ള പോലീസും ക്രിമനലുകളെ പോലെയാണ് പെരുമാറുന്നത്. തിരുവനന്തപുരം തിരുവല്ലത്ത് യുവാവ് കസ്റ്റഡിയില്‍ മരിച്ചത് ഇതിന് ഉദാഹരണമാണ്. പട്ടാപ്പകല്‍ എം. വിന്‍സന്റ് എം. എല്‍.എയുടെ കാര്‍ ഗുണ്ട അടിച്ചുതകര്‍ത്തതും ഞെട്ടിക്കുന്നതാണ്. ഒരു എം.എല്‍.എയ്ക്ക് പോലും ഇവിടെ സുരക്ഷിതത്വമില്ലെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് എങ്ങനെ ഇവിടെ ജീവിക്കാനാകും.

ഗുണ്ടാ സംഘങ്ങളെയും ലഹരിമാഫിയയേയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പൊലീസും സി.പി.എമ്മും സ്വീകരിക്കുന്നത്. കൊലപാതക ഭീകരതയില്‍ നടുങ്ങി നില്‍ക്കുകയാണ് കേരളം. പൊലീസ് നോക്കുകുത്തിയായി. പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ അനന്തരഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. രാഷ്ട്രീയകൊലപാതകങ്ങളില്‍ 30 എണ്ണത്തിലും പ്രതിസ്ഥാനത്ത് സിപിഎമ്മാണ്. അരുംകൊല രാഷ്ട്രീയത്തിന് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു. കോഴിക്കോട് ജില്ലയിലും അക്രമങ്ങളും ഗുണ്ടാവിളയാട്ടവും കൂടിവരികയാണ്.

കഴിഞ്ഞദിവസം നന്‍മണ്ടയില്‍ സിനിമാ നിര്‍മാതാവിന് നേരെ വെടിവയ്പ്പും ഗുണ്ടാ ആക്രമണം നടന്നതും ഞായറാഴ്ച പുലര്‍ച്ചെ വെള്ളയില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ യുവാവിന് വെട്ടേറ്റതും ഒടുവിലത്തെ ഉദാഹരണമാണ്. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നാണ് ഈ അക്രമസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനെതിരേയാണ് യു.ഡി.എഫിന്റെ പ്രതിഷേധം. കാസര്‍കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന ധര്‍ണ രാവിലെ 10.30ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എം.പിമാരായ കെ.മുരളീധരന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ രാഘവന്‍, എം.പി അബ്ദുസമദ് സമദാനി, രാജ് മോഹന്‍ ഉണ്ണിത്താന്‍, പി.വി അബ്ദുള്‍ വഹാബ്, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, മറ്റ് ഘടകകക്ഷി നേതാക്കള്‍ എന്നിവരും പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, ജില്ലാ കണ്‍വീനര്‍ എം.എ റസാഖ് മാസ്റ്റര്‍, ഹാഷിം മനോളി പങ്കെടുത്തു.

web desk 3: