X

നല്ല തുടക്കമെന്ന് ട്രംപ്

 

ഹെല്‍സിങ്കി: റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് നല്ല തുടക്കമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടച്ചിട്ട മുറിയില്‍ രണ്ട് മണിക്കൂറോളം പുടിനുമായി സ്വകാര്യ സംഭാഷണം നടത്തി പുറത്തുവന്ന അദ്ദേഹം ഏറെ ആഹ്ലാദഭരിതനായിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തിനോടെന്ന പോലെയാണ് അദ്ദേഹം പുടിനോട് പെരുമാറിയത്. അമേരിക്കയും റഷ്യയും ഒന്നിച്ചുനില്‍ക്കുന്നത് കാണാനാണ് ലോകം ആഗ്രഹിക്കുന്നതെന്ന് ഫിന്നിഷ് തലസ്ഥാനമായ ഹെല്‍സിങ്കിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ പുടിനോടൊപ്പമിരിക്കുമ്പോള്‍ ട്രംപ് പറഞ്ഞു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചതിന് അദ്ദേഹം പുടിനെ അഭിനന്ദിച്ചു. ഉഭയകക്ഷി ബന്ധങ്ങളും ലോകത്തിന് തലവേദന സൃഷ്ടിക്കുന്ന വിവിധ പ്രശ്‌നങ്ങളും വിശദമായി ചര്‍ച്ച ചെയ്യാനുള്ള സമയമാണ് ഇതെന്ന് പുടിനും അഭിപ്രായപ്പെട്ടു. നല്ലതല്ലാതെ മോശമായി ഒന്നും കൂടിക്കാഴ്ചയുടെ അവസാനം ഉണ്ടാവില്ലെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. പ്രത്യേക അജണ്ടയൊന്നുമില്ലാതെയാണ് ഇരുനേതാക്കളും കാണുന്നതെന്ന് വൈറ്റ്ഹൗസും പറയുന്നു. അമേരിക്കയിലെ മുന്‍ ഭരണകൂടങ്ങളെ വിമര്‍ശിച്ച് പുടിനെ സുഖിപ്പിച്ചാണ് ട്രംപ് ചര്‍ച്ചക്ക് തുടക്കമിട്ടതെന്നതും ശ്രദ്ധേയമാണ്. പ്രസിഡന്റുമാരായ ട്രംപും പുടിനും ബഹുമാനിക്കുന്നുണ്ടെന്നും ചര്‍ച്ചകളുടെ പുരോഗതിക്ക് അനുസരിച്ച് അവര്‍ തന്നെയാണ് അജണ്ട തീരുമാനിക്കുകയെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവും അറിയിച്ചു.

chandrika: