X

‘സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്’; തോമസ് ഐസകിന് താക്കീത്

സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് മുതിര്‍ന്ന സി.പി.എം നേതാവും പത്തനംതിട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ഐസകിനു താക്കീത്. ജില്ലാ വരണാധികാരിയാണു നിര്‍ദേശം നല്‍കിയത്. യു.ഡി.എഫ് നല്‍കിയ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലാണു നടപടി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമാണെന്നും വരണാധികാരി വ്യക്തമാക്കി.

ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ പരാതിയില്‍ തോമസ് ഐസകിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി. ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.

കുടുംബശ്രീയുടെ പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നു, സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളിലും സ്ഥിരം സാന്നിധ്യം, സര്‍ക്കാര്‍ സംവിധാനമായ കെ-ഡിസ്‌ക് വഴി തൊഴില്‍ വാഗ്ദാനം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളാണ് യു.ഡി.എഫ് ഉയര്‍ത്തിയത്. പരാതിയില്‍ 3 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കാണിച്ച് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ നോട്ടിസ് നല്‍കി. തുടര്‍ന്ന് ഐസക് വിശദീകരണം നല്‍കിയിരുന്നു.

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നാണ് ഐസക് വാദിച്ചത്. കുടുംബശ്രീയുമായി പണ്ടുമുതലേ അടുപ്പമുണ്ട്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. അവരുടെ പരിപാടി നടക്കുന്നുണ്ടെങ്കില്‍ അവിടെ കയറി വോട്ട് ചോദിക്കും.

ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷയുള്ള പരിപാടിയാണ് തൊഴില്‍ദാന പദ്ധതി. അതിനെ താറടിക്കാനാണ് യു.ഡി.എഫ് ശ്രമം. ജനകീയ പരിപാടികള്‍ യു.ഡി.എഫിനെ അലട്ടുകയാണെന്നും അതിന്റെ ഭാഗമായാണു പരാതിയെന്നും ഐസക് കുറ്റപ്പെടുത്തി.

webdesk13: