X

‘രക്ഷിതാക്കള്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ രണ്ട് ദിവസം ഭക്ഷണം കഴിക്കരുത്’; സ്‌കൂള്‍ കുട്ടികളോട് മഹാരാഷ്ട്ര എം.എല്‍.എ

മാതാപിതാക്കൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നിരാഹാരമിരിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്ത് ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന എംഎൽഎ. കലംനൂരി എംഎൽഎ സന്തോഷ് ബംഗറുടേതാണ് വിവാദ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തരുതെന്ന് ഇലക്ഷൻ കമ്മീഷൻ കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയുടെ ആഹ്വാനം.

മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലെ ഒരു സ്കൂളിൽ നടന്ന പരിപാടിയിലാണ് ബംഗാർ കുട്ടികളോട് നിരാഹാരമിരിക്കാൻ ആഹ്വാനം ചെയ്തത്. “അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങളുടെ മാതാപിതാക്കൾ എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രണ്ട് ദിവസം ഭക്ഷണം കഴിക്കരുത്. എന്തുകൊണ്ട് ഭക്ഷണം കഴിക്കുന്നില്ലെന്ന് അച്ഛനമ്മമാർ ചോദിച്ചാൽ അവരോട് പറയണം, സന്തോഷ് ബംഗറിന് വോട്ട് ചെയ്യൂ, എങ്കിൽ മാത്രമേ ഞങ്ങൾ ഭക്ഷണം കഴിക്കൂ എന്ന്”- എംഎൽഎ പറഞ്ഞു.

സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പിന്നാലെ എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പലരും രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശത്തിന് വിരുദ്ധമാണ് ബംഗാറുടെ പ്രസ്താവനയെന്ന് എൻസിപി-എസ്പി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ബിജെപിയുടെ സഖ്യകക്ഷിയായതിനാലാണ് ഇയാൾ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

webdesk13: