X
    Categories: News

അനീതിക്കെതിരായ ശബ്ദം നിലയ്ക്കില്ല-ഡോ. കഫീല്‍ഖാന്‍ എഴുതുന്നു

പൗരത്വ നിയമ ഭേദഗതിക്കും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന പൗരത്വ രജിസ്റ്ററിനും എതിരായി സമാധാനപരമായ സമരം നയിച്ചതിന്റെ പേരില്‍ ദേശീയ സുരക്ഷാ ആക്ട് ചുമത്തി അനധികൃതമായ തടങ്കലില്‍ വെച്ച നടപടിയില്‍ ഇടപെട്ടു ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റിന് കത്തെഴുതിയതിന് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിനോടും അതി ന്റെ എം.പിമാരോടും കടപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ അപ്പീല്‍ ശ്രദ്ധിച്ചില്ലെങ്കിലും ഭാഗ്യവശാല്‍ 2020 സെപ്തംബര്‍ ഒന്നിന് ഉത്തര്‍പ്രദേശ് ഹൈക്കോടതി എന്‍.എസ്.എയും മറ്റു മൂന്നു എക്സ്റ്റന്‍ഷനുകളും റദ്ദാക്കുകയും ഈ നടപടിക്രമങ്ങളെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
കുറ്റവാളികളെക്കൊണ്ട് തിങ്ങിനിറഞ്ഞ മഥുര ജയിലിലെ ഏഴ് മാസം നീണ്ട തടവു കാലത്ത് അവര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നിഷേധിച്ച് മനുഷ്യത്വരഹിതമായി പെരുമാറുകയും ചെയ്തു. എനിക്കെതിരായ എന്‍.എസ്.എ ആരോപണങ്ങള്‍ റദ്ദ് ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചതിതാണ്: 1. യു.പിയിലെ അലിഗഡിലെ എ.എം.യുവില്‍ ഡോ. കഫീല്‍ ഖാന്റെ പ്രസംഗം ‘വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ശ്രമവും വെളിപ്പെടുത്തുന്നില്ല. അലിഗഡ് നഗരത്തിന്റെ ശാന്തിക്കും സമാധാനത്തിനും ഇത് ഒരു നിലക്കും ഭീഷണിയല്ല. ഇത് ആഹ്വാനം ചെയ്യുന്നത് ദേശീയ സമഗ്രതക്കും പൗരന്മാര്‍ക്കിടയില്‍ ഐക്യത്തിനും വേണ്ടിയാണ്. ഈ പ്രസംഗം ഏത് തരത്തിലുള്ള അക്രമത്തെയും നിരാകരിക്കുകയാണ് ചെയ്യുന്നത്.’
2. ‘ജില്ലാ മജിസ്‌ട്രേറ്റ് (അലിഗഡ്, ഉത്തര്‍പ്രദേശ്, ഇന്ത്യ) പ്രസംഗത്തിലെ ചില വാചകങ്ങള്‍ മാത്രം തെരഞ്ഞെടുത്തത് അതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെ അവഗണിച്ചുകൊണ്ടാണെന്നു മനസ്സിലാകുന്നു. അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റ് എത്തിച്ചേര്‍ന്ന് ഈ നിഗമനത്തിലേക്ക് സാമാന്യബോധമുള്ള ഒരു മനുഷ്യന് എത്തിച്ചേരാന്‍ കഴിയുമോ എന്ന് വിലയിരുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പ്രഥമദൃഷ്ട്യാതന്നെ, പ്രസംഗം കേട്ട ഏതൊരാള്‍ക്കും അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റ് എത്തിച്ചേര്‍ന്ന നിഗമനത്തിലേക്ക് വരാന്‍ സാധിക്കുകയില്ല. 3. 1980 ലെ ദേശീയ സുരക്ഷാ നിയമപ്രകാരം ഡോ. കഫീല്‍ഖാനെ തടഞ്ഞുവെക്കുകയോ തടങ്കലില്‍ വെക്കുകയോ ചെയ്യുന്നത് നിയമപരമായി യാതൊരു സാധുതയുമില്ല എന്ന് ഞങ്ങള്‍ സംശയലേശമന്യെ പറയുകയാണ്’. 4. ‘തടവുകാരനായ ഡോ. കഫീല്‍ ഖാനെ തടവിലാക്കിയ കാലാവധി നീട്ടുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുന്നു’

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാനും കുടുംബവും മുഴുവന്‍ കടന്നുപോകുന്ന ആഘാതത്തിലേക്കും സംഘര്‍ഷങ്ങളിലേക്കും നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ കുട്ടികള്‍ക്ക് ദ്രാവക ഓക്‌സിജന്‍ ലഭ്യമാക്കാത്തതുമൂലം 2017 ആഗസ്ത് 10 നാണ് ബി.ആര്‍.ഡി ഓക്‌സിജന്‍ ദുരന്തമുണ്ടായത്. കുടിശ്ശിക അടച്ചുതീര്‍ക്കാത്തതുകാരണമാണ് വിതരണക്കാര്‍ ദ്രാവക ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചത്. എന്നിരുന്നാലും ആ ദിവസം കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ അലംഭാവം കാണിച്ചിരുന്നില്ലെങ്കിലും ഗവണ്‍മെന്റിന്റെ പരാജയം മറച്ചുവെക്കാന്‍ എന്നെ ബലിയാടാക്കുകയും ഒമ്പത് മാസം ജയിലില്‍ അടയ്ക്കുകയും ചെയ്തു. എനിക്കെതിരെ മെഡിക്കല്‍ അവഗണനക്ക് തെളിവുകളില്ലെന്നും ഓക്‌സിജന്‍ ടെണ്ടറുമായി ഒരിടത്തും ഇടപെട്ടിട്ടില്ലെന്നും അലഹബാദ് ഹൈക്കോടതി 2018 ഏപ്രില്‍ 25 ന് വ്യക്തമാക്കി. ഹൈക്കോടതി സത്യവാങ്മൂലത്തില്‍ പോലും യു.പി ഓക്‌സിജന്‍ വിതരണത്തിലെ കുറവ് സര്‍ക്കാര്‍ അംഗീകരിച്ചു.

ഹൈക്കോടതി 2018 ഏപ്രില്‍ 30 ന് നല്‍കിയ വിധിന്യായത്തില്‍ കുടിശ്ശിക അടച്ചുതീര്‍ക്കുന്നതില്‍ വരുത്തിയ വീഴ്ച കാരണം വിതരണക്കാര്‍ ലിക്വിഡ് ഓക്‌സിജന്‍ വിതരണം നിര്‍ത്തുകയും ഇതുമൂലം ഓക്‌സിജന്‍ ലഭ്യാമാകാതെ വരികയും ചെയ്തിട്ടുണ്ടെന്ന് വിലയിരുത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ഡിപ്പാര്‍ട്‌മെന്റല്‍ അന്വേഷണത്തില്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 2017 ആഗസ്ത് 10,11,12 തീയതികളില്‍ 54 മണിക്കൂര്‍ ദ്രാവക ഓക്‌സിജന്റെ ദൗര്‍ലഭ്യം ഉണ്ടായിരുന്നെന്നും മരിക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ ഡോ. കഫീല്‍ ഖാന്‍ ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിച്ചുവെന്നും കണ്ടെത്തുകയും തുടര്‍ന്ന് എന്റെ മേല്‍ ചുമത്തിയിരുന്ന മെഡിക്കല്‍ അശ്രദ്ധ, അഴിമതി എന്നീ കുറ്റങ്ങളില്‍നിന്ന് വിമുക്തനാക്കുകയും വിതരണം, സംഭരണം, അറ്റകുറ്റപ്പണി, ഓര്‍ഡര്‍, ലിക്വിഡ് ഓക്‌സിജന്‍ അടയ്ക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത ഏറ്റവും ജൂനിയര്‍ കണ്‍സള്‍ട്ടന്റ് മാത്രമായിരുന്നു ഞാനെന്ന് അംഗീകരിക്കുകയും ചെയ്തു.
9 മാസത്തെ കഠിനമായ, വൈകാരികവും ശാരീരികവുമായ അസ്വസ്ഥതകള്‍ക്ക്‌ശേഷം, സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്നതിനിടക്ക് രണ്ട് അക്രമികള്‍ സഹോദരനെ മുഖ്യമന്ത്രി വസതിക്ക് സമീപംവെച്ച് കൊല്ലാന്‍ ശ്രമിച്ചു, തുടര്‍ന്ന് നടന്നത് യു.പി പൊലീസിന്റെ വ്യക്തമായ കെടുകാര്യസ്ഥതയെന്നേ പറയാനൊക്കൂ സഹോദരന്റെ ജീവന്‍ രക്ഷിക്കുന്നതിന് അടിയന്തിരമായി ബുള്ളറ്റുകള്‍ നീക്കം ചെയ്യണമായിരുന്നിട്ടുകൂടി മണിക്കൂറുകളോളം വൈകിപ്പിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. ഈ സംഭവങ്ങളില്‍ സംസ്ഥാന ഉദ്യോഗസ്ഥരുടെ കൈകടത്തലുകള്‍ തള്ളിക്കളയാന്‍ രണ്ട് സംഭവങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കാത്തതിനാല്‍ അതിജീവിക്കാന്‍ പാടുപെടുന്നതിനിടയില്‍, സര്‍ക്കാര്‍ എന്റെ കുടുംബത്തെയാകെയും ഇരയാക്കുന്നത് തുടരുകയാണെന്നാണ് ഇപ്പോള്‍ ആശങ്ക. കഴിഞ്ഞ മൂന്ന് വര്‍ഷമായി യു.പി സര്‍ക്കാര്‍ നടത്തിയ എട്ട് വ്യത്യസ്ത അന്വേഷണങ്ങളിലെല്ലാം നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും സസ്‌പെന്‍ഷന്‍ തുടരുകയാണ്. സ്വമേധയാ സേവനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഭരണപരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് ഭരണകൂടത്തിന്റെ മറ്റൊരു കുതന്ത്രമാണ്.

തടങ്കലിലാക്കി ശാരീരികമായും മാനസികമായും പീഡിപ്പിച്ച് ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് എന്റെ ആവേശം, ഉത്സാഹം, രാജ്യത്തോടും അതിന്റെ ജനാധിപത്യ മൂല്യങ്ങളോടുമുള്ള പ്രതിബദ്ധത എന്നിവ തകര്‍ക്കാന്‍ പോകുന്നില്ല. കുടുംബം നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനും എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി വിജയിക്കുന്നതിനുമുള്ള ദൃഢ നിശ്ചയം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. മതം/പ്രദേശം/ജാതി/സാമൂഹികസാമ്പത്തിക നില/ലിംഗഭേദം എന്നിവ പരിഗണിക്കാതെ ലോകത്തെവിടെയും ചെയ്യുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നത് തുടരും. സാമൂഹ്യ പ്രതിബദ്ധത മൂലം, സമൂഹത്തിലെ അധഃസ്ഥിതര്‍ക്ക് വേണ്ടി എല്ലാ ആഴ്ചയും / രണ്ടാഴ്ചയും സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നത് തുടരും. ‘ഡോ. കഫീല്‍ ഖാന്‍ മിഷന്‍ സ്‌മൈല്‍ ഫൗണ്ടേഷന്‍’ എന്ന ബാനറില്‍ ഞങ്ങളുടെ ടീം സാധാരണ പൗരന്മാരുടെ സഹായത്തോടെ രാജ്യത്തൊട്ടാകെയുള്ള 50000 ലധികം കുട്ടികള്‍ക്ക് ചികിത്സ നല്‍കുന്ന നൂറിലധികം സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.

ഇന്ത്യന്‍ ആരോഗ്യ പരിരക്ഷാസമ്പ്രദായത്തിന് സമഗ്രത ആവശ്യമുള്ളതിനാല്‍ ‘ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശം’ ആയി അംഗീകരിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് 25 ആരോഗ്യ പ്രവര്‍ത്തകരുടെ ഒരു ടീമിനൊപ്പം ഞങ്ങള്‍ ‘എല്ലാവര്‍ക്കുമുള്ള ആരോഗ്യം’ കാമ്പയിന്‍ ആരംഭിച്ചു. കോവിഡ് രാജ്യത്ത് നാശം സൃഷ്ടിക്കുന്ന കാലഘട്ടത്തില്‍ സംസാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ വിവേചനാധികാരം ഉപയോഗിക്കുന്നതിനേക്കാള്‍ പകര്‍ച്ചവ്യാധിക്കെതിരെ പോരാടാനുള്ള എല്ലാ ശക്തിയും മാര്‍ഗങ്ങളും ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നു.
അക്രമത്തിന് ആഹ്വാനം ചെയ്യാത്ത സാഹചര്യങ്ങളില്‍ രാഷ്ട്രീയ വിയോജിപ്പുകാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമങ്ങള്‍/യു.എ.പി.എ എന്നിവ ഉപയോഗിക്കുന്നത് എല്ലാ കേസുകളിലും അപലപിക്കപ്പെടേണ്ട ഒന്നാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രക്ഷുബ്ധവും സാഹസഹികവുമായ ഘട്ടത്തില്‍ എന്റെ ലക്ഷ്യത്തെ പിന്തുണച്ചതിനും എന്നോടൊപ്പം ഐക്യദാര്‍ഢ്യത്തോടെ നിന്നതിനും വീണ്ടും നന്ദി പറയുന്നു, ഒപ്പം മതിയായ തെളിവുകളില്ലാതെ പ്രീട്രയല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍/വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധി മനുഷ്യാവകാശ സംരക്ഷകര്‍ക്ക്‌വേണ്ടി ശബ്ദം ഉയര്‍ത്തുന്നത് തുടരാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനോട് അഭ്യര്‍ത്ഥിക്കുന്നു. ഈ ഭരണകൂടം സൃഷ്ടിച്ച തടസ്സങ്ങള്‍ കണക്കിലെടുക്കാതെ എന്റെ രാജ്യത്തെ മനുഷ്യരെ സേവിക്കുന്നതിനുള്ള ആത്മ സമര്‍പ്പണവും ദൃഢ നിശ്ചയവും തുടരുമെന്ന് ഉറപ്പു നല്‍കുന്നു.
(മുസ്്‌ലിംലീഗിന് അയച്ച നന്ദിപ്രകടന കത്തിന്റെ പൂര്‍ണ്ണ രൂപം)

 

chandrika: