X

ജഡ്ജി ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ല; പ്രമുഖ ഫോറന്‍സിക് വിദഗ്ധന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ജഡ്ജി ബി.എച്ച് ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്ന് പ്രമുഖ ഫോറന്‍സിക് വിദഗ്ധന്‍ ആര്‍.കെ ശര്‍മ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വിഷം അകത്തുചെന്നതിനെ തുടര്‍ന്നുണ്ടായ മസ്തിഷ്‌കാഘാതമായിരിക്കാം മരണത്തിന് ഇടയാക്കിയതെന്നാണ് ഡോ. ശര്‍മയുടെ നിഗമനം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിചാരണ നടത്തിയിരുന്ന സി.ബി.ഐ പ്രത്യേകകോടതി ജഡ്ജിയായിരുന്നു ബി.എച്ച് ലോയ.

രാസപരിശോധനക്ക് വിട്ട ലോയയുടെ ആന്തരികാവയവങ്ങളുടെ സാമ്പിള്‍റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഹിസ്‌റ്റോപാത്തോളജി റിപ്പോര്‍ട്ടും ഡോ. ശര്‍മ പരിശോധിക്കുകയായിരുന്നു. ലോയയുടെ മരണം തലച്ചോറിന് ക്ഷതമേറ്റോ വിഷം അകത്തുചെന്നോ ആകാമെന്നതിന്റെ അടയാളങ്ങള്‍ ചികിത്സ രേഖകളിലുണ്ടെന്നും ശര്‍മ പറഞ്ഞു. ഹിസ്‌റ്റോപത്തോളജി റിപ്പോര്‍ട്ടില്‍ ഹൃദയാഘാതത്തിന്റെ തെളിവേ ഇല്ലെന്ന് ശര്‍മ പറഞ്ഞു. ഹൃദയാഘാതമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുമില്ല. ചില മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് ഹൃദയാഘാതമല്ലെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലോയയുടെ രക്തധമനികളില്‍ കാല്‍സ്യം അടിഞ്ഞുകൂടിയത് ശ്രദ്ധയില്‍പെട്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കാല്‍സ്യം ധമനികളിലടിഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ ഹൃദയാഘാതമുണ്ടാകില്ല. കാല്‍സ്യം ധമനികളിലേക്ക് വന്നാല്‍ ഒരിക്കലും അവ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിക്കുന്ന ദിവസം പുലര്‍ച്ച നാലു മണിക്ക് തനിക്ക് അസ്വസ്ഥത തോന്നുന്നതായി ജഡ്ജി ലോയ പറഞ്ഞുവെന്ന് മൊഴിയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഡുംറക്ക് ക്ഷതമേറ്റതായി കാണുന്നുണ്ട്. തലച്ചോറിന് ഏതോ തരത്തിലുള്ള ആക്രമണമേറ്റിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍, ഡുംറക്കേറ്റ ക്ഷതത്തിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എഴുതിവെക്കാത്തത് വിചിത്രമാണെന്ന് ഡോ. ശര്‍മ പറഞ്ഞു. വിഷം നല്‍കിയിരിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് ഡോ. ശര്‍മ്മ സൂചിപ്പിച്ചു. കരളും പാന്‍ക്രിയാസും വൃക്കകളും ശ്വാസകോശങ്ങളും അടക്കമുള്ള ഓരോ ആന്തരികാവയവവും ഞെങ്ങിഞെരുങ്ങിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം പുറത്തുകൊണ്ടുവന്ന കാരവന്‍ മാഗസിനാണ് ഡോ ശര്‍മ്മയുടെ അഭിപ്രായം പുറത്തുവിട്ടത്. അതിനിടെ ലോയ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ലോയയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും വാദം തള്ളിക്കളയുന്നതാണ് ഡോ ശര്‍മ്മയുടെ വെളിപ്പെടുത്തല്‍. ഡല്‍ഹി എയിംസിലെ ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്‌സിക്കോളജി വിഭാഗം മുന്‍ മേധാവിയായിരുന്നു ഡോ. ആര്‍.കെ ശര്‍മ.

chandrika: