X

മയക്കുമരുന്ന് ലഹരിയില്‍ തെലുങ്ക് സിനിമ; രവി തേജ, പുരി ജഗന്നാഥ്, ചാര്‍മി ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ തെലുങ്ക് സിനിമയില്‍ ലഹരി വിവാദം. ലഹരി ഇടപാടു കേസില്‍ സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെ 12 പേര്‍ക്കാണ് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. രവി തേജ, ചാര്‍മി, പുരി ജഗന്നാഥ്, മുമൈദ്ഖാന്‍,നന്ദു തുടങ്ങിയ താരങ്ങള്‍ക്കും തരുണ്‍, നവ്ദീപ്, ശ്രീനിവാസ റാവു, താനിഷ് എന്നിവര്‍ക്കുമാണ് തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്. ജൂലായ് 19നും 27നും ഇടക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

മയക്കുമരുന്ന് കേസില്‍ താരങ്ങള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും പണം കൈമാറ്റം ചെയ്തതിന്റെ തെളിവുകളും താരങ്ങള്‍ക്കെതിരെ ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വില്‍ക്കുന്നയാളില്‍ നിന്ന് അത് കൈപ്പറ്റുന്ന താരങ്ങളുടെ ഡ്രൈവര്‍മാരുള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങളും കൈവശമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2008 മുതലാണ് ലഹരി തെലുങ്ക് സിനിമാ മേഖലയില്‍ പിടിമുറുക്കുന്നത്. പിന്നീട് ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള ലഹരി വ്യാപാരമാണ് സിനിമാ മേഖലയില്‍ നടന്നതെന്നും അവര്‍ പറയുന്നു. ഈ മാസം 19നും 27നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ താരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അന്വേഷണസംഘം കൂട്ടിച്ചേര്‍ത്തു.

chandrika: