X
    Categories: Views

ലഹരിയില്‍ മയങ്ങുന്ന പുതുതലമുറ

പി.കെ മുഹമ്മദലി കോടിക്കല്‍

യ്യിടെ കോഴിക്കോട് നഗരത്തിലെ പെണ്‍കുട്ടികളുടെ പ്രമുഖ സ്‌കൂളില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്‌കൂളിന്റെ ബാത്ത്‌റൂമിന്റെ വരാന്തയില്‍ ഒത്തുകൂടിയ ചില കുട്ടികള്‍ ഷോക്‌സിനുള്ളില്‍ എന്തോ വെക്കുന്നത് ആ സ്‌കൂളിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ കണ്ടു. ഇവര്‍ സ്‌കൂള്‍ അധ്യാപകരെ വിവരമറിയിച്ചു. ആരോപണ വിധേയരായ കുട്ടികള്‍ ക്ലാസിലിരുന്ന് മയങ്ങുന്നു. പഠനത്തില്‍ മിടുക്കികളായ ഇവര്‍ ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ക്ലാസ് അധ്യാപകന്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥികളെ ദേഹ പരിശോധന നടത്തിയപ്പോള്‍ പുകയിലയുടെ രൂക്ഷഗന്ധം. നാലംഗ സംഘത്തെ വിശദമായി ചോദ്യം ചെയ്ത അധ്യാപകര്‍ ഞെട്ടി. നാലു പേരുടെയും കാലിന്റെ ഉപ്പൂറ്റിക്ക് മുകളിലായി ബ്ലേഡ് കൊണ്ട് വരഞ്ഞ മുറിവുകള്‍. മുറിവിന് മുകളില്‍ ഹാന്‍സ് എന്ന പുകയില ഉത്പന്നം വെച്ച് ഷോക്‌സ് ധരിക്കുകയാണ് ന്യൂ ജനറേഷനിലെ ലഹരി നുണയുന്നതിന്റെ ഏറ്റവും പുതിയ രീതി. സുഹൃത്തുക്കളായ ആണ്‍കുട്ടികളാണ് കൂട്ടുകാരികള്‍ക്ക് ഈ തന്ത്രം കൈമാറിയത്. മോശം കുടുംബ സാഹചര്യം, ആര്‍ഭാട ജീവിതം, ദാരിദ്ര്യം തുടങ്ങി പല വഴികളിലൂടെയാണ് മിക്ക വിദ്യാര്‍ത്ഥികളും ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കുട്ടികളെ മദ്യത്തിലേക്കും ലഹരി ഉപയോഗങ്ങളിലേക്കും നയിക്കുന്നതിന്റെ പ്രധാന വില്ലന്‍ കുടുംബ പശ്ചാത്തലമാണ്.

കുടുംബത്തില്‍ നിന്ന് സമാധാനവും സ്‌നേഹവും കിട്ടാതാകുമ്പോള്‍ കുരുന്നു മനസ്സുകള്‍ ആശ്വാസം കണ്ടെത്തുന്നത് ലഹരിയുടെ ലോകത്താണ്. എളുപ്പം പണമുണ്ടാക്കാമെന്ന മോഹമാണ് യുവാക്കളെ പലപ്പോഴും ലഹരിയിലേക്ക് ആകര്‍ഷിക്കുന്നത്. ആദ്യം സൗജന്യമായി നല്‍കും. പിന്നെ കുറഞ്ഞ പണത്തിന്, പിന്നീട് ഇവര്‍ കുറച്ചുനാള്‍ മാറിനില്‍ക്കുമ്പോള്‍ അവരെ തേടി ലഹരി ഉപയോഗക്കാര്‍ എത്തും. പിന്നെ ചോദിക്കുന്ന പണത്തിന് വാങ്ങി ഉപയോഗിക്കും. ഇതാണ് കുട്ടികളെ കെണിയിലാക്കുന്നതിനുള്ള വിദ്യ. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സംഭവിക്കുന്ന പിഴവാണ് ന്യൂ ജനറേഷന് മുന്നില്‍ ലഹരിയുടെ ദുരന്തമുഖം തീര്‍ക്കുന്നതെന്ന് കേരള എക്‌സൈസ് വകുപ്പ് തലവന്മാരെല്ലാം അഭിപ്രായപ്പെടുന്നുണ്ട്.കുട്ടികള്‍ ക്ലാസില്‍ ലീവായാല്‍, പെരുമാറ്റ രീതികളില്‍ മാറ്റം കണ്ടാല്‍, പഠന നിലവാരത്തിന് താഴേക്ക് പോയാല്‍ അധ്യാപകന്‍ അന്വേഷിക്കണം. വീട്ടില്‍ നിന്ന് ഇറങ്ങുന്ന കുട്ടി സ്‌കൂളില്‍ എത്തുന്നുണ്ടോയെന്നും കുട്ടികളെ സുഹൃത്തുക്കളെ പറ്റിയെല്ലാം രക്ഷിതാക്കളും അന്വേഷിക്കണം. കുടുംബ ജീവിതം ഭദ്രവും കുട്ടികള്‍ക്ക് മാതൃകയാവുന്ന രീതിയിലേക്ക് മാറ്റാനും രക്ഷിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണം. അണുകുടുംബങ്ങളിലെ ജീവിത സാഹചര്യം കോളജുകളിലെ അരാഷ്ട്രീയവത്കരണം എന്നിവയെല്ലാമാണ് കുട്ടികള്‍ ലഹരിക്ക് അടിപ്പെടുന്നതിന്റെ മറ്റു പ്രധാന കാരണങ്ങള്‍.

chandrika: