X

ഹോട്ടലില്‍ ലഹരിമരുന്നുമായി പുതുവത്സരാഘോഷം: രണ്ടു പേര്‍ക്ക് 10 വര്‍ഷം തടവ്

തളിപ്പറമ്പ്: മാരക ലഹരിമരുന്നുമായി പുതുവത്സരാഘോഷം നടത്തുന്നതിനിടെ പിടിയിലായ രണ്ടു പേര്‍ക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. നേരത്തെ എക്‌സൈസ് പിടികൂടിയ യുവതി ഉള്‍പ്പെടെ മറ്റു അഞ്ചുപേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ടു. കേസില്‍ അറസ്റ്റിലായിരുന്ന കരിമ്പത്ത് വേളിപ്പാറയിലെ കെ.കെ.സമീര്‍ അലി (29), നരിക്കോട് സ്വദേശി പി.സി.ത്വയ്യിബ് (28) എന്നിവര്‍ക്കാണ് പത്തു വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

2021 ജനുവരി ഒന്നിന് പുലര്‍ച്ചെ ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ പുതുവത്സരാഘോഷം നടത്തുന്നതിനിടെ നാല് ലക്ഷം രൂപയുടെ മാരക ലഹരി മരുന്നുകളുമായി യുവതിയടക്കം ഏഴു പേരെ അന്ന് തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. ദിലീപന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എം.ഡി.എം.എ, ഹാഷീഷ് ഓയില്‍, എല്‍.എസ്.ഡി തുടങ്ങിയ മാരക ലഹരിമരുന്ന് ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ഇവരുടെ ആഘോഷമെന്ന് എക്‌സൈസ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ കേസിലാണ് വടകര എന്‍.ഡി.പി.എസ് കോടതി വിധി പ്രസ്താവിച്ചത്.

നേരത്തെ പിടിയിലായ തളിപ്പറമ്പ് ഹബീബ് നഗര്‍ സ്വദേശി മുഹമ്മദ് ഹനീഫ(33), കാസര്‍ഗോഡ് പച്ചമ്പളയിലെ എച്ച്.മുഹമ്മദ് ശിഹാബ് (32), ഇച്ചിലംകോട് സ്വദേശി മുഹമ്മദ് ഷഫീഖ്(24), മാനന്തവാടി ചെറുകാട്ടൂര്‍ കുളിവയല്‍ സ്വദേശി കെ.ഷഹബാസ്(24), പാലക്കാട് ചിറ്റൂര്‍ കടുച്ചിറ സ്വദേശിനി എം.ഉമ(24) എന്നിവരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടു. എന്‍.ഡി.പി.എസ് കോടതി സ്‌പെഷ്യല്‍ ജഡ്ജ് സുരേഷ് ബാബുവാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സനൂജ് ഹാജരായി.

 

Chandrika Web: