X

കരാറുകാര്‍ക്കുള്ള കുടിശ്ശിക 16,000 കോടി കടന്നു; ഒരു വര്‍ഷത്തെ ബില്ലുകള്‍ കെട്ടിക്കിടക്കുന്നു

സര്‍ക്കാര്‍കരാറുകാര്‍ക്കുള്ള കുടിശ്ശിക 16,000 കോടിരൂപ കവിഞ്ഞു. പല വകുപ്പിലും ചെയ്തജോലിക്കുള്ള പണം ഒരുവര്‍ഷത്തിനിടെ നല്‍കിയിട്ടില്ല. ഇതേവരെ മുടക്കമില്ലാതിരുന്ന പഞ്ചായത്തുതലങ്ങളിലെ ഗ്രാമീണറോഡ് നവീകരണംപോലും നിര്‍ത്തിവെച്ച് കരാറുകാര്‍ മെല്ലെപ്പോക്കിലാണ്. മാര്‍ച്ചുവരെയെങ്കിലും ഈ സ്ഥിതി മാറില്ലെന്നാണ് ധനവകുപ്പ് നല്‍കുന്ന സൂചന.

പൊതുമരാമത്ത് വകുപ്പ് 8 മാസത്തെ പണം നല്‍കാനുണ്ട്. 7000 കോടി രൂപ വരുമിത്. ഓണത്തിനുമുമ്പ് അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകള്‍ ട്രഷറിയില്‍ മാറിയിരുന്നു. ഇപ്പോള്‍ അതുമില്ല. കുടിശ്ശിക ബാങ്കുവഴി വായ്പാരൂപത്തില്‍ നല്‍കുന്ന രീതിയും നിലച്ചു. ഇതിന് പലിശവരും. പാതിപലിശ കരാറുകാരനും പാതി സര്‍ക്കാരുമാണ് ബാങ്കിന് നല്‍കേണ്ടത്.

ജലവിഭവവകുപ്പില്‍ 18 മാസമായി ബില്ലുകള്‍ മാറിനല്‍കുന്നില്ല. വെള്ളക്കുഴലുകളുടെയും പമ്പ് ഹൗസുകളുടെയും അറ്റക്കുറ്റപ്പണിപോലും ചെയ്യാന്‍കഴിയാത്ത പ്രതിസന്ധി. 1000 കോടിയുടെ ബില്‍ കുടിശ്ശികയാണ്.

കിഫ്ബിയിലെ ജോലികള്‍ക്ക് 2000 കോടിരൂപയാണ് കുടിശ്ശിക. കിഫ്ബിതന്നെ കരുതല്‍ധനം തീര്‍ന്ന് പ്രയാസത്തിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിയുടെ പ്രാദേശികറോഡ് വികസനം, എം.എല്‍.എ.മാരുടെ പ്രാദേശികവികസനപദ്ധതികള്‍, റീബില്‍ഡ് കേരള എന്നിവയില്‍ ഒരു വര്‍ഷത്തെ പണംനല്‍കാനുണ്ട്. ഇവമാത്രം 6000 കോടിവരും.

ഈ കുടിശ്ശിക സര്‍ക്കാര്‍ കരാറുകാരുടേതുമാത്രമാണ്. പലസംഘങ്ങളും ഏജന്‍സികളും ടെന്‍ഡറെടുത്ത് ജോലികള്‍ചെയ്യുന്നുണ്ട്. അവര്‍ക്കും ഒരുവര്‍ഷംവരെയുള്ള പണംകിട്ടാനുണ്ട്.

പണമില്ല, സാമഗ്രികളും

സര്‍ക്കാര്‍ പണികള്‍ക്ക് എടുക്കുന്ന സാമഗ്രികള്‍ക്ക് പണംകിട്ടാന്‍ വൈകുമെന്നതിനാല്‍ അധികബില്ലാണ് ഏജന്‍സികളും ഉടമകളും ഈടാക്കുന്നത്. ഒരു ബാരല്‍ ടാറിന് 6500 രൂപയാണ് സര്‍ക്കാര്‍നിരക്ക്. കമ്പനികള്‍ ഇതിന് 10,000 രൂപ ഈടാക്കും. മെറ്റല്‍, പാറപ്പൊടി, സിമന്റ് തുടങ്ങിയവയ്ക്കും ഇതേനിലയാണ്. ക്വാറികള്‍ പലയിടത്തും കരാറുകാര്‍ക്ക് സാധനങ്ങള്‍ കൊടുക്കുന്നില്ല.

webdesk13: