X

രോഗികളുടെ അവകാശം ഉറപ്പാക്കാന്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണം; ഇ. അഹമ്മദിന്റെ മക്കള്‍ പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: രോഗികളുടെ അവകാശം ഉറപ്പാക്കുന്നവിധത്തില്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണമെന്ന് മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അന്തരിച്ച മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ മക്കളായ ഡോ. ഫൗസിയയും നസീര്‍ അഹമ്മദും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ടാണ് ആവശ്യം അറിയിച്ചത്.

ഇത്തരത്തിലൊരു നിയമനിര്‍മാണം കൊണ്ടുവരുന്നത് രാജ്യത്തെ മെഡിക്കല്‍ സംവിധാനത്തില്‍ വന്‍ പുരോഗതിക്കു കാരണമാവും. ഇത്തരമൊരു നിയമത്തിനു രോഗികളുടെയും ഡോക്ടര്‍മാരുടെയും മറ്റു പാരാമെഡിക്കല്‍ ജീവനക്കാരുടെയും അവകാശങ്ങളും ഉറപ്പാക്കാന്‍ കഴിയും. നിരവധി രാജ്യങ്ങളിലുള്ള ഇതുസംബന്ധിച്ച നിയമം ഇന്ത്യന്‍ ഭരണഘടനയില്‍ ഇല്ല. മിക്ക രാജ്യങ്ങളിലൂം രോഗികളുടെ അവകാശം ആശുപത്രികളില്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ടാവും. എന്നാല്‍ ഇന്ത്യയില്‍ ആ സംവിധാനം ഇല്ല.

ഇന്ത്യയില്‍ രോഗികളുടെ അവകാശം സംബന്ധിച്ച പരാതി ഉപഭോക്തൃ സംരക്ഷണ നിയമത്തിനു കീഴിലാണ് നല്‍കാനാവുക. ഇതു മാറ്റി രോഗികള്‍ക്കുള്ള അവകാശങ്ങള്‍ കൃത്യമായി വിശദമാക്കുന്ന ബില്ല് പാര്‍ലമെന്റ് പാസ്സാക്കണമെന്നും ഫൗസിയ ആവശ്യപ്പെട്ടു. ഇതോടെ, ഇത്തരത്തിലൊരു ബില്ല് കൊണ്ടുവരുന്നതിന് ഫൗസിയയുടെ അടുത്തുനിന്ന് പ്രധാനമന്ത്രി വിവരങ്ങള്‍ തേടി.

കരിപ്പൂര്‍ വിമാനത്താവളത്തിന് ഇ. അഹമ്മദിന്റെ പേര് നല്‍കണമെന്ന് നസീറും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ചചെയ്യാമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത ശേഷമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനുവരി 31ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇ. അഹമ്മദിനോട് അധികൃതറുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വിവേചനം വിവാദത്തിനിരയായിരുന്നു.

സംഭവത്തില്‍ അഹമ്മദിന്റെ മക്കള്‍ നല്‍കിയ പരാതി മനുഷ്യാവകാശ കമ്മിഷന്റെ പരിഗണനയിലാണ്. ഇതിനു ശേഷം രോഗികളുടെ അവകാശം സംരക്ഷിക്കുന്നതിനായി പ്രത്യേക ബില്ല് കൊണ്ടുവരണമെന്ന് അഹമ്മദിന്റെ മക്കള്‍ ആവശ്യപ്പെട്ടുവരികയാണ്. മരണശേഷം ആദ്യമായാണ് അഹമ്മദിന്റെ മക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍കാണുന്നത്.

chandrika: