X
    Categories: MoreViews

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭനാവസ്ഥയിലാണെന്നും കെ.സി ജോസഫ് എം.എല്‍.എ.
ത്രിതല പഞ്ചായത്തുകളുടെ പദ്ധതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം സിഡംബര്‍ 31ന് 70 ശതമാനം പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍ ഗ്രാമപഞ്ചായത്തുകള്‍ 34 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് 33 ശതമാനവും ജില്ലാ പഞ്ചായത്തുകള്‍ 18.1 ശതമാനവും മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി ചെലവ് ലഭ്യമായ കണക്കനുസരിച്ച് മുപ്പത് ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന പദ്ധതി ചെലവാണിത്.
അപ്രഖ്യാപിതമായ ട്രഷറി നിയന്ത്രണം മൂലം ശമ്പള വിതരണമല്ലാതെ മറ്റൊന്നും ട്രഷറിയില്‍ നടക്കുന്നില്ല. ജനുവരി 15 വരെ ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ സമര്‍പിച്ച ബില്ലുകള്‍ മാറിയെടുക്കാന്‍ കഴിയുന്നില്ല. 1600 കോടിയിലേറെ രൂപയുടെ ബില്ലുകള്‍ കിടിശികയായി കിടക്കുകയാണ്. തന്മൂലം പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തികളും വികസന പ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഇന്ന് സ്തംഭനാവസ്ഥയിലാണ്.
എല്ലാവര്‍ക്കും പാര്‍പ്പിടം, ഹരിതകേരളം, ആര്‍ദ്രം തുടങ്ങിയ മിഷനുകളുടെ പ്രവര്‍ത്തനം പരസ്യങ്ങളില്‍ മാത്രം ഒതുങ്ങി. മിഷന്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഒരു വര്‍ഷത്തിനിടെ ലൈഫ് പദ്ധതിയില്‍ ഒരു വീടിനുപോലും അനുമതി നല്‍കിയിട്ടില്ല. എന്നുമാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ പി.എം.എ.വൈ (പഴയ ഐ.എ.വൈ) പദ്ധതിയും എസ്.സി എസ്.ടി വകുപ്പിന്റെ ഭവനപദ്ധതിയും മരവിപ്പിച്ചതിനാല്‍ പാവപ്പെട്ടവരുടെ ഭവനനിര്‍മാണ പദ്ധതികളും വെള്ളത്തിലായി.
റേഷന്‍ ധാന്യങ്ങള്‍ വാങ്ങാന്‍ എഫ്.സി.ഐക്ക് പണം നല്‍കാന്‍ കഴിയാത്തതു മൂലം അടുത്തമാസം റേഷന്‍ വിതരണം സ്തംഭിക്കാന്‍ പോവുകയാണ്. ഓഖി ദുരിത ബാധിതര്‍ക്ക് കേന്ദ്രം കുറഞ്ഞ വിലയ്ക്ക് നല്‍കിയ 3500 ടണ്‍ അരി പോലും ഏറ്റെടുത്തിട്ടില്ലെന്നത് ധനവകുപ്പിന്റെ കെടുകാര്യസ്ഥത എത്ര ഗുരുതരമാണെന്ന് ബോധ്യപ്പെടുന്നതാണെന്നും കെ.സി ജോസഫ് പറഞ്ഞു.

chandrika: