X

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇ.ഡി. നോട്ടീസ്; കുരുക്ക് മുറുകി

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. 27ന് രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി. ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച അദ്ദേഹത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ഈ ചോദ്യംചെയ്യലിന്റെ അനുബന്ധ നടപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു കൂടി ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രവീന്ദ്രന് നോട്ടീസ് നല്‍കിയത്.
ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ സ്വപ്‌ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നതായിരുന്നു ഈ ചാറ്റുകള്‍. അതിനാല്‍ത്തന്നെ രവീന്ദ്രനും സ്വപ്‌നയും തമ്മില്‍ അടുപ്പമുണ്ടായിരുന്നോ എന്നും ലൈഫ് മിഷന്‍ അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ചകളില്‍ ശിവശങ്കറിനെ കൂടാതെ രവീന്ദ്രനും പങ്കാളിത്തം ഉണ്ടായിരുന്നോ എന്നുമുള്ള അന്വേഷണത്തിലേക്കാണ് ഇ.ഡി. കടക്കുന്നത്. ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യലിന് രവീന്ദ്രനെ ഇ.ഡി. വിളിപ്പിക്കുന്നത്.
2020 ഡിസംബറില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ 13 മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അന്ന് നാലുവട്ടം നോട്ടീസ് നല്‍കിയെങ്കിലും മൂന്നുതവണയും ആരോഗ്യകാരണം പറഞ്ഞ് രവീന്ദ്രന്‍ ഹാജരായിരുന്നില്ല. നാലാംതവണയായാണ് ചോദ്യംചെയ്യലിന് ഹാജരായത്. അന്ന് സി.എം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്നും പ്രതിപക്ഷമടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്റെ കണക്കുകളില്‍ ഇ.ഡി സംശയം പ്രകടിപ്പിച്ചിരുന്നു. കോവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി തുടക്കത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി.എം രവീന്ദ്രന്‍ പിന്നീട് ഇ.ഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു.
തുടര്‍ച്ചയായി 13 മണിക്കൂറോളമാണ് ഇ.ഡി രവീന്ദ്രനെ ചോദ്യം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ മുള്‍മുനയിലാക്കിയിരുന്നു. ഇഡി ചോദ്യം ചെയ്യലിന് പിന്നാലെ രവീന്ദ്രനെ നിര്‍ണായക പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടിയും രവീന്ദ്രനെ ഒരുപോലെ പ്രതിരോധിക്കുകയായിരുന്നു. അതേസമയം ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നാല് ദിവസത്തേക്ക് കൂടി എം ശിവശങ്കറെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരുന്നതിന് തുടര്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഇഡി അറിയിച്ചു. ഇത് അംഗീകരിച്ചാണ് സിബിഐ കോടതി ഈ മാസം 24 വരെ കസ്റ്റഡി കാലാവധി നീട്ടിയത്. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

 

Chandrika Web: