X

അര്‍ജന്റീന കോച്ച് എഡ്ഗാര്‍ഡോ ബൗസ തന്നെ

 

ബ്യൂണസ് അയേഴ്‌സ്: ദേശീയ ടീം കോച്ച് എഡ്ഗാര്‍ഡോ ബൗസക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ (എ.എഫ്.എ) പിന്തുണ. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ മോശം ഫോമിനെ തുടര്‍ന്ന് കോച്ച് പുറത്താക്കപ്പെടുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് എ.എഫ്.എ പ്രസിഡണ്ട് ക്ലോദിയോ താപിയ ബൗസക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ദക്ഷിണ അമേരിക്കന്‍ മേഖലയിലെ യോഗ്യതാ റൗണ്ടില്‍ നാല് മത്സരം മാത്രം ശേഷിക്കെ അര്‍ജന്റീന അഞ്ചാം സ്ഥാനത്താണ്. ആദ്യ നാല് ടീമുകള്‍ക്കു മാത്രമാണ് നേരിട്ട് യോഗ്യത ലഭിക്കുക.
ബൗസയാണ് നിലവില്‍ ദേശീയ ടീം കോച്ചെന്നും അദ്ദേഹവുമായി കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും താപിയ പറഞ്ഞു. ടീമിന് യോഗ്യത നേടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കോച്ച് പ്രകടിപ്പിച്ചതെന്നും എല്ലാവരെയും പോലെ ചിന്തിക്കാന്‍ എ.എഫ്.എ പ്രസിഡണ്ടിന് കഴിയില്ലെന്നും താപിയ പറഞ്ഞു. നേരത്തെ, അര്‍ജന്റീനയുടെ ചുമതല ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എ.എഫ്.എ സെവിയ്യ കോച്ച് ഹോര്‍ഹെ സാംപൗളിയെ സമീപിച്ചുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.
ജൂണില്‍ ഓസ്‌ട്രേലിയയില്‍ വെച്ച് അര്‍ജന്റീന ബ്രസീലിനെതിരെ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഈ കളിയോടെ ബൗസയുടെ ഭാവി തീരുമാനമാകുമെന്നാണ് സൂചന. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് ഉറുഗ്വേ, വെനിസ്വേല ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍. ഫിഫയുടെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഈ മത്സരങ്ങളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് കളിക്കാന്‍ കഴിയില്ല.

chandrika: