X
    Categories: columns

നീറ്റ്, ജെ.ഇ.ഇ: കേന്ദ്രം പിടിവാശി വെടിയണം

മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ രാജ്യത്ത് വീണ്ടുമൊരിക്കല്‍കൂടി വിവാദ വിഷയമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെയും സംസ്ഥാനങ്ങളുടെയും അവകാശങ്ങള്‍ മറികടന്നുകൊണ്ട് ദേശീയ പൊതുപ്രവേശന പരീക്ഷാസംവിധാനം ഏര്‍പെടുത്തിയതുവഴി നേരത്തെതന്നെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റും ദേശീയ തലത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇയും വിവാദത്തിലായിരുന്നെങ്കിലും ഇത്തവണ ആരോഗ്യപരമായ കാരണങ്ങളാണ് തര്‍ക്കവിഷയം. ജെ.ഇ.ഇ മെയിന്‍ ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്നത് സെപ്തംബര്‍ ഒന്നു മുതല്‍ ആറു വരെയും മേയില്‍ നടക്കേണ്ടിയിരുന്ന നീറ്റ് സെപ്തംബര്‍ 13നുമാണ് ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.

ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് രണ്ട് പ്രവേശന പരീക്ഷകളും നടത്തുന്നതെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് അന്തിമ തീരുമാനം. കോവിഡ്-19 ആണ് ഇത്തവണ പ്രവേശന പരീക്ഷ ഇത്രയും നീളാന്‍ ഇടയാക്കിയിരിക്കുന്നത്. കേരളത്തില്‍ ജനുവരിയില്‍ ആരംഭിച്ച കോവിഡ് മഹാമാരി ഇന്ന് രാജ്യത്തെല്ലായിടത്തും പടര്‍ന്നിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇതുയര്‍ത്തുന്ന ഭീഷണി താരതമ്യേന വലുതാണ്. പ്രായം ചെന്നവരും 20 വയസ്സില്‍ താഴെയുള്ളവരും മഹാമാരിയെ കൂടുതല്‍ ഭയക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അത്തരമൊരു അവസ്ഥയില്‍ 25 ലക്ഷത്തിലധികം കുട്ടികള്‍ എഴുതുന്ന നീറ്റിലും ജെ.ഇ.ഇയിലും മതിയായ സാമൂഹിക അകലം പാലിക്കാനാകുമോ എന്ന ചോദ്യം സ്വാഭാവികമാണ്. അതാണ് രാജ്യത്തെ പ്രമുഖ സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ-വിദ്യാര്‍ത്ഥി സംഘടനാനേതാക്കളും ഇപ്പോഴുന്നയിക്കുന്നത്. ഇത്തവണ നീറ്റിന് 15.97 ലക്ഷം കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജെ.ഇ.ഇക്ക് 9.53 ലക്ഷം പേരും.

പരീക്ഷ ഇങ്ങനെ നീണ്ടുപോകുന്നത് ഇപ്പോള്‍തന്നെ വൈകിയ കോഴ്‌സുകള്‍ക്ക് തുടര്‍ന്നും കാലതാമസം വരാന്‍ ഇടയാക്കുമെന്നതാണ് ഒരു ന്യായം. സാധാരണയായി പൊതുപ്രവേശന പരീക്ഷകള്‍ മേയിലും ജൂണിലുമായി തീര്‍ന്ന് ഫലങ്ങള്‍ പുറപ്പെടുവിക്കാറാണ്. ഇത്തവണ വിദ്യാലയങ്ങളും കലാലയങ്ങളും പ്രൊഫഷണല്‍ കോളജുകളും ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖല പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. മാര്‍ച്ചില്‍ ആരംഭിച്ച ദേശീയ തലത്തിലുള്ള അടച്ചിടല്‍ മറ്റു മേഖലകളിലും ബാധിച്ചിരുന്നെങ്കിലും മേയ് മാസത്തോടെ അവയില്‍ പലതും തുറന്നുകൊടുക്കുകയുണ്ടായി. എന്നാല്‍ കുട്ടികളുടെയും അധ്യാപകരുടെയും മറ്റും പ്രവര്‍ത്തന സ്വഭാവം പരിഗണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുന്നത് വൈകിപ്പിച്ചിരിക്കുകയാണ്. തുറന്നാല്‍ രോഗവ്യാപനം പിടിച്ചാല്‍കിട്ടാത്ത അവസ്ഥയിലേക്കെത്തിക്കുമെന്ന ഭീതിയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ഇനിയെന്നാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കാനാവുക എന്നുപോലും പറയാനാവുന്നില്ല. തിയേറ്ററുകള്‍പോലെ വലിയ സമൂഹ കൂടിച്ചേരല്‍ ഉണ്ടാകുന്ന സ്ഥലമാണ് ഇവയെന്നതുകൊണ്ടാണ് ഇക്കാര്യത്തില്‍ നിയന്ത്രണം തുടരുന്നത്.

എന്നാല്‍ ഇതേ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് പൊതുപ്രവേശന പരീക്ഷ നടത്താമെന്ന തീരുമാനത്തില്‍ ഇപ്പോള്‍ പിടിവാശി പുലര്‍ത്തുന്നതെന്നത് വിചിത്രമായിരിക്കുന്നു. കേരളത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ കോവിഡ് വ്യാപിക്കുന്നതിനുമുമ്പ് നടത്തിയതിനാല്‍ കാര്യമായ ദോഷം ഉണ്ടായില്ല. എന്നാല്‍ അതായിരുന്നില്ല കീം (കേരള എഞ്ചിനീയറിങ്) പ്രവേശനപരീക്ഷ നടത്തിയപ്പോഴത്തെ സ്ഥിതി. തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും കീം കഴിഞ്ഞതോടെ വ്യാപകമായി കോവിഡ് പടരുന്ന സാഹചര്യമുണ്ടായി. കൊല്ലത്തും തിരുവനന്തപുരത്തും കോവിഡ് ഇന്നത്തെ അവസ്ഥയിലേക്ക് വ്യാപിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് കീം പരീക്ഷയാണ്. എന്നാല്‍ ഇതുപോലെതന്നെ പങ്കാളിത്തമുള്ളതും കേരളത്തില്‍ രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ പരീക്ഷയെഴുതുന്നതുമായ നീറ്റിന്റെയും ജെ.ഇ.ഇയുടെയും കാര്യത്തില്‍ ഇരു സര്‍ക്കാരുകളും തങ്ങളുടെ മുന്‍നിലപാടുമായി മുന്നോട്ടുപോകുന്നത് തികച്ചും ആത്മഹത്യാപരമാണെന്നേ പറയേണ്ടതുള്ളൂ.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചാബ്, രാജസ്ഥാന്‍, ഝാര്‍ഖണ്ട്, ഛത്തീസ്ഗഡ് സര്‍ക്കാരുകളും പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സര്‍ക്കാരുകളും പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിക്കുകയാണ്. കുട്ടികളുടെ ജീവനിട്ട് കളിക്കരുതെന്നാണ് മുഖ്യമന്ത്രിമാരായ ക്യാപ്റ്റന്‍ അമരീന്ദര്‍സിങും ഹേമന്ത്‌സോറനും പറയുന്നത്. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇതേ വികാരമാണ് പങ്കുവെച്ചത്. സംസ്ഥാന മന്ത്രിമാര്‍ ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ആഗസ്ത് 17നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ദേശീയ ടെസ്റ്റിങ് ഏജന്‍സിയുടെയും നിലപാട് ശരിവെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദം അതേപടി അംഗീകരിക്കുകയാണ് കോടതി ചെയ്തത്. ഇതിനിടെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളില്‍ മേല്‍പരീക്ഷകളെഴുതാന്‍ കാത്തിരിപ്പുണ്ടെന്ന കാര്യം കേന്ദ്രവും കേരളവും സൗകര്യപൂര്‍വം മറന്നത് അപരാധമായിപ്പോയി.

അവര്‍ക്ക് കോവിഡ് കാരണം നാട്ടിലേക്കെത്താന്‍ കഴിയാത്തതാണ് കാരണം. വര്‍ഷങ്ങളായി ഈ പരീക്ഷകള്‍ക്കായി കാത്തിരിക്കുകയും സര്‍വാത്മനാ ഒരുക്കം നടത്തുകയും ചെയ്ത കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആധി സര്‍ക്കാരും കോടതിയും കണ്ടില്ല. വിദേശ എംബസികള്‍ മുഖേന മറ്റ് പരീക്ഷകളെ പോലെ ദേശീയ പൊതുപ്രവേശന പരീക്ഷയും നടത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെടണം. ഇവര്‍ക്ക് നാട്ടിലേക്ക് വരുന്നതിന് വിമാന സര്‍വീസ് അനുവദിക്കുന്ന കാര്യം മാത്രമാണ് കോടതി ആരാഞ്ഞത്. വിദേശങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കാതിരിക്കുന്നതിന് സര്‍ക്കാര്‍ പറയുന്ന കാരണം തീര്‍ത്തും ദുര്‍ബലമാണ്. ചോദ്യപേപ്പറുടെ സുരക്ഷയാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നതെങ്കില്‍ അത് മറ്റു പരീക്ഷകള്‍ക്കും ബാധകമല്ലേ? പ്രവേശന പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ എന്‍.എസ്.യുവിന്റെ നേതൃത്വത്തില്‍ രാജ്യത്തെ പ്രമുഖകലാലയങ്ങള്‍ക്കു മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ സമരമിരിക്കുകയുണ്ടായി. മറ്റ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്. ഇപ്പോള്‍ നടന്നില്ലെങ്കില്‍ ഈ അധ്യയന വര്‍ഷം കുട്ടികള്‍ക്ക് നഷ്ടപ്പെടുമെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി അമിത്ഖാരെ പറയുന്നത്. പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കിയ മുന്‍രീതി എന്തുകൊണ്ട് പരിശോധിച്ചുകൂടാ. കുട്ടികള്‍ക്ക ്മാത്രമല്ല, അവരുടെ മൂന്നും നാലും ഇരട്ടിവരുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കൂടി കോവിഡ് പടര്‍ന്നാലുള്ള സ്ഥിതിയേക്കാള്‍ വലുതാണോ പഴയ പടിതന്നെ പരീക്ഷ നടത്തുമെന്ന പിടിവാശി. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ദേശീയ വികാരത്തിനൊത്ത് ഉയര്‍ന്നില്ലെന്നത് അവരുടെ വിദ്യാര്‍ത്ഥി വിരുദ്ധ മനോഭാവത്തെയാണ് കൂടുതല്‍ പ്രകടമാക്കിയിരിക്കുന്നത്.

 

web desk 3: