X

നീതി നിഷേധത്തിന് പൊലീസ് വഴിവെട്ടരുത്

പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ പ്രഥമ വിവര റിപ്പോര്‍ട്ട് 24 മണിക്കൂറിനകം എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തു വന്ന് രണ്ടു വര്‍ഷത്തോളം ആയിട്ടും പാലിക്കപ്പെടുന്നില്ലെന്ന റിപ്പോര്‍ട്ട് ഗൗരവമായി കാണേണ്ടതാണ്. നിയമ നടപടികളിലെ സുതാര്യത ഉറപ്പാക്കുന്നതിനും പണവും സ്വാധീനവും ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കപ്പെടുന്നതിനുള്ള സാധ്യത തടയുന്നതിനും വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. 2016 സെപ്തംബര്‍ ഏഴിനാണ് ഇതു സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി സര്‍ക്കുലര്‍ അയച്ചത്.
നേരത്തെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ നടന്ന വാദത്തിനിടെ 48 മണിക്കൂറിനകം കേസ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതാണ് പിന്നീട് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സി നാഗപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് 24 മണിക്കൂര്‍ ആയി പരിമിതപ്പെടുത്തിയത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണ മേഖലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിന് 72 മണിക്കൂര്‍ സാവകാശം അനുവദിച്ചിരുന്നു. കൂടാതെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ലൈംഗികാതിക്രമക്കേസുകള്‍, നുഴഞ്ഞുകയറ്റം പോലുള്ള രാജ്യ രക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ എന്നിവയുടെ എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് ഉപാധികളോടെ ഒഴിവാക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിലെ ഈ രണ്ട് ഇളവുകളും ദുരുപയോഗം ചെയ്താണ് പലപൊലീസ് സ്റ്റേഷനുകളും എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താതെ ഒളിച്ചുകളിക്കുന്നത്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അറിയാന്‍ പരാതിക്കാരനും പ്രതിക്കും അവകാശമുണ്ട്. ഇത് ഉറപ്പാക്കുന്നതിനുവേണ്ടി കൂടിയായിരുന്നു കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതിന്റെ ആനുകൂല്യം വിചാരണ വേളയില്‍ മുതലെടുക്കാന്‍ കുറ്റാരോപിതര്‍ക്ക് അവസരം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി സര്‍ക്കുലര്‍. എന്നാല്‍ കോടതി ഉത്തരവിന് പുല്ലു വില പോലും കല്‍പ്പിക്കാത്ത രീതിയിലാണ് പൊലീസ് സ്റ്റേഷനുകളുടെ പെരുമാറ്റം. പ്രമാദമായ കേസുകളില്‍ പോലും എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാതെ പൊലീസ് തന്നെ കുറ്റാരോപിതരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
2016 നവംബര്‍ 15 മുതലാണ് കേരളത്തില്‍ എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയത്. ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്റ് സിസ്റ്റംസ് വഴി കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ തുണ പോര്‍ട്ടല്‍ വഴിയാണ് എഫ്.ഐ.ആര്‍ പ്രസിദ്ധപ്പെടുത്തുന്നത്. പൊതുജനങ്ങള്‍ക്ക് ഇവ വായിക്കാനും ഡൗണ്‍ലോഡ് ചെയ്ത് രേഖയാക്കി സൂക്ഷിക്കാനും കഴിയുന്ന തരത്തിലാണിത് വിഭാവനം ചെയ്തിട്ടുള്ളത്. പ്രതികള്‍ എഫ്.ഐ.ആര്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭ്യമാക്കണമെന്നും ഇതോടൊപ്പം ഡി.ജി.പി ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സെന്‍സിറ്റീവ് കേസുകളില്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പ്് നിഷേധിക്കുകയാണെങ്കില്‍ അക്കാര്യം മൂന്നു ദിവസത്തിനകം പരാതിക്കാരനെ നേരിട്ട് അറിയിക്കണം. ഇത്തരം കേസുകളില്‍ പരാതിക്കാരന് പിന്നീട് എഫ്.ഐ.ആറിന്റെ പകര്‍പ്പിനായി കോടതിയെ സമീപിക്കാവുന്നതാണ്.
കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നതിനും അട്ടിമറിക്കുന്നതിനും പ്രഥമ വിവര റിപ്പോര്‍ട്ടുകളില്‍ മാറ്റിത്തിരുത്തലുകള്‍ വരുത്തുന്ന സംഭവങ്ങള്‍ പല കേസുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം തന്നെ പ്രഥമ വിവര റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പടുത്തുന്നതോടെ ഇത് പിന്നീട് മാറ്റിത്തിരുത്തല്‍ സാധ്യമാകാത്ത ഔദ്യോഗിക രേഖയായി മാറുകയാണ് ചെയ്യുന്നത്. പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷമാണ് പലപ്പോഴും കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ പുറമെനിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകാറ്. അതുകൊണ്ടുതന്നെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ മാറ്റിത്തിരുത്തലുകള്‍ക്ക് സാധ്യത ഇല്ലാതാക്കുക എന്നത് ഏതൊരു കേസിനെ സംബന്ധിച്ചിടത്തോളവും ഏറ്റവും നിര്‍ണായകമാണ്. 24 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ എഫ്.ഐ.ആര്‍ ആധികാരികമായ ഔദ്യോഗിക രേഖയായി മാറുകയും പിന്നീട് ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ വരുത്തിയാല്‍ കോടതിയില്‍ കക്ഷികള്‍ക്ക് ഇത് ആക്ഷേപമായി ഉന്നയിക്കുന്നതിനും അവസരം ലഭിക്കും. ഇത് മൂന്‍കൂട്ടി കണ്ടുകൊണ്ടാണ് കോടതി ഇത്തരമൊരു നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. സ്ത്രീകളുടേയും കുട്ടികളുടേയും സ്വകാര്യതയെ ബാധിക്കുന്ന കേസുകളിലും രാജ്യരക്ഷാ പ്രാധാന്യമുള്ള കേസുകളിലും എഫ്.ഐ.ആര്‍ പരസ്യപ്പെടുത്തുന്നതിന് കോടതി ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ഇളവ് ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ കോടതി തന്നെ ചില ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ പദവിയില്‍ കുറയാത്ത ഒരു ഓഫീസറായിരിക്കണം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ടെന്ന തീരുമാനം എടുക്കേണ്ടത്. ഇക്കാര്യം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത്തരം ചട്ടങ്ങളൊന്നും പാലിക്കപ്പെടാതെയാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ എഫ്.ഐ.ആര്‍ പ്രസിദ്ധപ്പെടുത്തുന്നത് ബോധപൂര്‍വ്വം വൈകിപ്പിക്കുന്നത്. പ്രമാദമായ കെവിന്‍ കൊലക്കേസിന്റെ എഫ്.ഐ.ആര്‍ പൊലീസ് ഇപ്പോഴും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. സംസ്ഥാന പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന കേസാണിത്. ജിഷ്ണു പ്രണോയ് വധം, വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസ് തുടങ്ങി കേരള പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കേസുകളിലെല്ലാം കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന തരത്തിലുള്ള സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത്തരം കേസുകളില്‍ നീതി ഉറപ്പാക്കുന്നതിന് ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ തയ്യാറാക്കപ്പെടുന്ന എഫ്.ഐ.ആറുകള്‍ മാറ്റിത്തിരുത്തലുകള്‍ക്ക് വിധേയമാകാതെ നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ കേരളത്തിലെ ചില പൊലീസ് സ്റ്റേഷനുകള്‍ ആഴ്ചകളോളം എഫ്.ഐ.ആര്‍ പ്രസിദ്ധപ്പെടുത്താതെ വൈകിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധമാണ് ഈ നടപടി. നിയമപാലകര്‍ നിയമലംഘകരായി മാറുമ്പോള്‍ നിഷേധിക്കപ്പെടുന്നത് നീതിയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച ഗൗരവത്തോടെ പരിശോധിക്കുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

chandrika: